'ഗണേഷ് കുമാര്‍ ആറ് മാസം തടവില്‍ പാര്‍പ്പിച്ചു'; എല്ലാത്തിനും പിന്നില്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് പരാതിക്കാരി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാര്‍ തന്നെ ആറ് മാസം തടവില്‍ പാര്‍പ്പിച്ചു എന്ന് പരാതിക്കാരി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അവരുടെ പ്രതികരണം. നിലവിലെ വിവാദങ്ങളില്‍ പ്രതികരിക്കാനുള്ള മാനസികാസ്ഥയില്‍ അല്ലെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്നും കെട്ടുകഥയാണോ എന്നതിന് അവരാണ് ഉത്തരം പറയേണ്ടത് എന്നും പരാതിക്കാരി പറഞ്ഞു. 'കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും എന്നെ പിടിച്ചിട്ടു. അതുകൊണ്ടാണ് രാഷ്ട്രീയം കലര്‍ന്നത്,' അവര്‍ പറഞ്ഞു. 2013-ല്‍ ജയിലില്‍ പോകുമ്പോള്‍ താന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.

2011-ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പ്രധാനപ്പെട്ട ചുമതലകള്‍ വീതം വെക്കാന്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ സമവായത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അതിന് വഴങ്ങിയില്ല. ആ സാഹചര്യത്തിലാണ് താന്‍ ഇതിലേക്ക് എത്തുന്നത് എന്നും പരാതിക്കാരി പറഞ്ഞു. ഗണേഷ് കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കി.
ഉമ്മന്‍ ചാണ്ടി നിലപാട് മാറ്റാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ കയറിയിറങ്ങുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അത് ആരൊക്കെയാണെന്ന് പറയുന്നില്ല എന്നും അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേരുടെ മുഖംമൂടി വലിച്ചുകീറേണ്ടി വരും എന്നും പരാതിക്കാരി തുറന്നടിച്ചു. ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി കുടുംബത്തെ ഭീഷണിപ്പെടുത്തിയും കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ എന്നും പരാതിക്കാരി ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചിരുന്നു. അതുകൊണ്ടാണ് ജയിലിനുള്ളില്‍ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്. 2015-ല്‍ തന്റെ വീഡിയോകള്‍ നാട് മുഴുവന്‍ പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്നും എന്നെങ്കിലും ഒരിക്കല്‍ ഈ വിഷയങ്ങള്‍ പുറത്തുവന്നാല്‍ പൊതുസമൂഹത്തിന് മുന്നില്‍ താനൊരു മോശം സ്ത്രീയാണെന്ന ഇമേജ് ഉണ്ടാക്കാനായിരുന്നു അതെന്നും പരാതിക്കാരി വ്യക്തമാക്കി.
ആരുടേയും സമ്മര്‍ദ്ദം മൂലമല്ല താന്‍ പരാതികള്‍ ഉന്നയിച്ചതെന്നും എന്നാല്‍ യു ഡി എഫുകാര്‍ കുടുംബത്തിന് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണ് ആ പരാതികള്‍ ഒതുക്കി വെച്ചത് എന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവന്ന് ആഭ്യന്തരം ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ അവര്‍ അത് ഒതുക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നും പരാതിക്കാരി വ്യക്തമാക്കി.
ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ളവര്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ വെളിപ്പെടുത്തി. ഗണേഷ് കുമാറിനെ പോലെ അവസരവാദിയല്ല ഞാന്‍. 2014 ഫെബ്രുവരി 21-ന് ശേഷം തന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവില്‍ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാര്‍ പറയട്ടെ എന്നും പരാതിക്കാരി പറഞ്ഞു.












Click it and Unblock the Notifications