സോളാർ കേസ്: ജോസ് കെ.മാണിയ്ക്കെതിരെയും കേസെടുക്കണം; പരാതി നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരി
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി പരാതിക്കാരി. കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും കേസില്‍ ജോസ് കെ മാണിയ്ക്കെതിരെയും പരാതി നല്‍കിയതായും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകൾ സിബിഐയ്ക്ക് വിട്ട വിഷയത്തിൽ മീഡിയ വണ്ണിനോട് പ്രതികരിക്കുകയായിരുന്നു അവർ.
സോളാറിലെ സിബിഐ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, രാഷ്ട്രീയ ഗൂഢലക്ഷ്യം, പ്രതികരിച്ച് ചെന്നിത്തല

പരാതി വ്യക്തികൾക്കെതിരെ
കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുള്‍പ്പടെ ഉള്ളവര്‍ക്കെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ അന്വേഷണമുണ്ടാകണമെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയം നോക്കിയല്ല താന്‍ പരാതി നല്‍കിയതെന്നും വ്യക്തികള്‍ക്കെതിരെ അന്വേഷണമുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് സിബിഐ?
സോളാർ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ കേന്ദ്ര ഏജന്‍സി കേസുകൾ അന്വേഷിക്കുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി വ്യക്തമാക്കി.

പ്രമുഖരിലേക്ക്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേസാണ് സോളാര്‍ പീഡനക്കേസ്. ഇതിൽ ആറ് കേസുകളാണ് കൂടുതൽ അന്വേഷണത്തിനായി സിബിഐയ്ക്ക് വിട്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് ഇപ്പോൾ സർക്കാർ സിബിഐക്ക് വിട്ടിട്ടുള്ളത്.

കത്തിൽ ആവശ്യം
പരാതിക്കാരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച കത്തില്‍ ഉന്നയിച്ച ആവശ്യം അനുസരിച്ചാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയക്കും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോളാർ കേസിലെ അന്വേഷണം സിബിഐക്ക് വിട്ടത് ഏറെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്.