സോളാര്‍ കേസ്: ഗൂഢാലോചന അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്, 'ഉമ്മന്‍ചാണ്ടി പോയത് വേദനയുമായി'
തിരുവനന്തപുരം: സോളാര്‍ ലൈംഗികാതിക്രമ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നു എന്ന സി ബി ഐ റിപ്പോര്‍ട്ടില്‍ സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ ഗൂഢാലോചന സി ബി ഐയെ കൊണ്ട് അന്വേഷിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ഗണേഷ് കുമാറാണ് ഇതിന് പിന്നിലെങ്കില്‍ അത് പുറത്തു കൊണ്ട് വരണം എന്നും നോവേറ്റ വേദനയുമായാണ് ഉമ്മന്‍ചാണ്ടി പോയതെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനെങ്കിലും ഈ വെളിപ്പെടുത്തല്‍ ശാന്തി നല്‍കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ് എന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സി പി എമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയുമെന്നും സതീശന്‍ കുറ്റപ്പെടുത്തി. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി.
അതിന് കാരണക്കാരായവര്‍ കണക്ക് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി പി എമ്മിന്റെ ആശിര്‍വാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഢാലോചന എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോളാര്‍ പീഡനകേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ മുരളീധരന്‍ എം പി ആരോപിച്ചു.
രാഷ്ട്രീയ ആരോപണത്തിന് അപ്പുറമുള്ള വേട്ടയാടല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിലേറ്റ് മൂന്നാം ദിവസം പരാതിക്കാരിക്ക് പിണറായിയെ കാണാന്‍ കഴിഞ്ഞു എന്നും മുരളീധരന്‍ വ്യക്തമാക്കി. വിഷയത്തില്‍ കെ പി സി സി നേതൃയോഗം നിലപാട് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
' ഗൂഢാലോചനയ്ക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരണം. ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നത്,' മുരളീധരന്‍ പറഞ്ഞു. സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്ക് പുറകില്‍ കെ ബി ഗണേഷ് കുമാറാണെന്നാണ് സി ബി ഐ റിപ്പോര്‍ട്ട്.












Click it and Unblock the Notifications