പക്വതയില്ലായ്മയുടെ ഫലം അനുഭവിച്ചു: സരിത നായര്‍
കൊച്ചി: പക്വതയില്ലാതെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലം താന്‍ അനുഭവിച്ചു എന്ന് സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായര്‍. ഇനി ഇത്തരത്തില്‍ താന്‍ പെരുമാറില്ല. ആലോചിച്ച് ഉറപ്പിച്ച്, നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ എന്തെങ്കിലും പുറത്ത് പറയൂ. അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത.
തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം കൂടെ ഒന്നിച്ച് പറഞ്ഞാല്‍ കേരളം താങ്ങില്ല. അതുകൊണ്ടാണ് ഇപ്പോള്‍ അബ്ദുള്ളക്കുട്ടിക്കെതിരായ ഒരു പരാതി മാത്രം പുറത്തുവിടുന്നത്. ഇനിയും ഒരുപാട് സെന്‍സേഷണല്‍ ആയ കാര്യങ്ങള്‍ പറയാനുണ്ട്. സാവകാശം അതെല്ലാം പറയും. ആരെയെങ്കിലും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയല്ല ഇപ്പോള്‍ വെളിപ്പെടുത്താത്തത്. തനിക്ക് ആരുടെയും ഒരു രൂപ പോലും വേണ്ട.

മന്ത്രിമാരുമായുള്ള ബന്ധം മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടല്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ സരിത ദേഷ്യപ്പെടുകയും ചെയ്തു. ഗണേഷ് കുമാര്‍ തന്റെ നല്ല സുഹൃത്താണ്. തിരക്കുള്ള ആളുകളാണ് മന്ത്രിമാര്‍. അവര്‍ രാത്രി വൈകി വിളിച്ചാലും സംസാരിക്കേണ്ടി വരും. രാത്രി വൈകി വിളിക്കുന്നവരെല്ലാം തെറ്റായ ഉദ്ദേശത്തോടെ വിളിക്കുന്നതാണ് എന്ന് കരുതരുത്.
കേസുകള്‍ സെറ്റില്‍ ചെയ്യാനുള്ള പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോഴും സരിത പത്രക്കാര്‍ക്ക് നേരെ തട്ടിക്കയറി. പലരും പലതും പറയും. നിങ്ങളുടെ പക്കല്‍ തെളിവുണ്ടോ. താന്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ ഒരക്ഷരം പോലും വിട്ടുപറയില്ല എന്നും കുത്തിക്കുത്തി ചോദിച്ച് തന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാന്‍ ശ്രമിക്കണ്ട എന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications