ഒന്നിനും തെളിവില്ല; സോളാര്‍ പീഡനക്കേസില്‍ എപി അനില്‍കുമാറിനും സിബിഐയുടെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ എ പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സി ബി ഐ. സോളാര്‍ പീഡനക്കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ല എന്നാണ് സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കുന്നത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവിന് കൂടി സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കി.
നേരത്തെ മുന്‍ മന്ത്രി അടൂര്‍ പ്രകാശ് എം പി, ഹൈബി ഈഡന്‍ എം പി എന്നിവര്‍ക്കും സി ബി ഐ സോളാര്‍ പീഡനക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ എ പി അനില്‍കുമാറിന് എതിരെ കണ്ടെത്താനായിട്ടില്ല എന്നാണ് സി ബി ഐ പറയുന്നത്. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ് എന്നും സി ബി ഐ പറയുന്നു.

തെളിവ് ഹാജരാക്കുന്നതില്‍ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചു. ആദ്യ ഘട്ടത്തില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളില്‍ പല പ്രമുഖര്‍ക്കും എതിരെയാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നത്. പിന്നീട് ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ ആണ് സോളാര്‍ പീഡനക്കേസില്‍ അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയത്.

സോളാര്‍ പദ്ധതിയുടെ ആവശ്യാര്‍ത്ഥം സമീപിച്ച തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസില്‍ അനില്‍കുമാര്‍ അടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ചിരുന്നത്. എന്നാല്‍, ഇതിനൊന്നും പരാതിക്കാരിക്ക് ഇതുവരെ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ല എന്നാണ് സി ബി ഐ കണ്ടെത്തല്‍.

2012 ല്‍ കൊച്ചിയില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു എ പി അനില്‍കുമാറിന് എതിരായ ആരോപണം. സോളാര്‍ പദ്ധതിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴ് ലക്ഷം രൂപ കൊക്കൂലി വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് രണ്ടിനും തെളിവില്ല എന്നാണ് സി ബി ഐ കണ്ടെത്തിയത്. 2012 കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ പരാതിക്കാരി പറഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലില്‍ അനില്‍കുമാര്‍ താമസിച്ചിട്ടില്ല.

അന്ന് മന്ത്രിയായിരുന്ന അനില്‍ കുമാര്‍ ഗസ്റ്റ് ഹൗസില്‍ ആയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡന പരാതികളും സി ബി ഐ അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ആരോപണവിധേയരായവരെല്ലാം കുറ്റക്കാര്‍ അല്ല എന്ന റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications