പിഎഫ്ഐ ചാപ്പകുത്തല്‍ നാടകം: 'അവന്മാർ മണ്ടന്മാരുമല്ല ശ്രമം പാളിപ്പോയതുമില്ല': മനോജ് വെള്ളനാട്
കൊല്ലം: സംഘം ചേർന്ന് മർദ്ദിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയെന്ന് സൈനികന്റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാർത്തയായിരുന്നു. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഷൈന്‍ എന്ന സൈനികന്‍ നടത്തിയ വ്യാജ പ്രചരണമായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ അപ്പോഴേക്കും ഉത്തരന്ത്യേയില്‍ വ്യാജ വാർത്ത വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ട് കഴിഞ്ഞിരുന്നു.
സംഭവത്തെക്കുറിച്ച് മനോജ് വെള്ളനാട് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. 'ആ വാർത്ത കാണുമ്പോൾ ചിലരെങ്കിലും മണ്ടൻമാരായ ഏതോ സംഘികളുടെ പാളിപ്പോയ ഒരു ശ്രമമായി തെറ്റിദ്ധരിച്ചേക്കാം. ഒരിക്കലുമല്ല. അവന്മാർ മണ്ടന്മാരുമല്ല. ശ്രമം പാളിപ്പോയതുമില്ല.' എന്നാണ് മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..


ആ വാർത്ത കാണുമ്പോൾ ചിലരെങ്കിലും മണ്ടൻമാരായ ഏതോ സംഘികളുടെ പാളിപ്പോയ ഒരു ശ്രമമായി തെറ്റിദ്ധരിച്ചേക്കാം. ഒരിക്കലുമല്ല. അവന്മാർ മണ്ടന്മാരുമല്ല. ശ്രമം പാളിപ്പോയതുമില്ല.
സംഘികൾ ഏറ്റവും വെറുക്കുന്ന ഭൂപ്രദേശമാണ് കേരളം. ഇവിടെ പ്രളയം വരുമ്പോൾ, നിപ്പ വരുമ്പോൾ ഒക്കെ അവരതിൽ സന്തോഷിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഇവിടെ അവരുദ്ദേശിക്കുന്ന തരത്തിൽ അപര വിദ്വേഷം വളർത്താൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഫ്രസ്ട്രേഷൻ തീർച്ചയായും ഉണ്ട്.
അതുകൊണ്ട് തന്നെ ഇവിടുന്ന് അവർക്ക് വേണ്ട വെറുപ്പിന്റെ വാർത്തകൾ കിട്ടിയില്ലെങ്കിൽ ആ വാർത്ത സൃഷ്ടിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗം മാത്രമാണ് ഈ പി എഫ് ഐഉം പച്ച പെയ്ന്റും എല്ലാം. അമ്പലത്തിലേക്ക് മലമെറിഞ്ഞും മറ്റും മുൻപും അവർ ഇവിടെ കലാപ സാധ്യത പരീക്ഷിച്ചതാണ്.
കേരളത്തെയും മലയാളികളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മനുഷ്യരെ കൊണ്ട് വെറുപ്പിക്കുക എന്നതാണ് അവരിപ്പോൾ ഈ ചെയ്തു കൊണ്ടിരിക്കുന്നത്. കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നും മലയാളികൾ അതിന് കൂട്ട് നിൽക്കുന്നവരാണെന്നുമുള്ള തോന്നൽ മറ്റു പ്രദേശങ്ങളിലെ സാധാരണക്കാരിൽ അടിച്ചേൽപ്പിക്കുക.
ഇതിന്റെയൊക്കെ പരിണിത ഫലങ്ങൾ നിസാരമായിരിക്കില്ല. വിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യയിൽ മലയാളിയായതിന്റെ പേരിൽ മാത്രം നമ്മൾ ആക്രമിക്കപ്പെട്ടാലും അതിൽ അതിശയമില്ല. മുസ്ലീം ആയതുകൊണ്ട് മാത്രം ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നത് പോലെ. അതുകൊണ്ട് ഇതൊന്നും മണ്ടൻ സംഘികളുടെ മറ്റൊരു മണ്ടത്തരമായി എഴുതിത്തള്ളരുത്.












Click it and Unblock the Notifications