ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം കുറയ്ക്കും; സാലറി ചലഞ്ചിന് പുതിയ രൂപം, മന്ത്രിമാര്‍ക്കും കട്ട്
തിരുവനന്തപുരം: കൊറോണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കൈമാറണമെന്ന നിര്‍ദേശത്തിന് ചെറിയ വ്യത്യാസം. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കില്ല. പകരം ആറ് ദിവസത്തെ ശമ്പളം ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം ശമ്പളത്തില്‍ കുറവുണ്ടാകും. സാലറി ചലഞ്ചില്‍ നിന്ന് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും ഒഴിവാക്കേണ്ട എന്നും തീരുമാനിച്ചു. പുതിയ നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിസഭയില്‍ മുന്നോട്ടുവച്ചത്.

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് ലഭിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഭാരമാവുകയുമില്ല. അതേസമയം, ഈ നിര്‍ദേശം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുമുണ്ട്. കാരണം കൊറോണ പ്രതിരോധത്തിന് വന്‍ തുകയാണ് അടിയന്തരമായി സര്‍ക്കാരിന് വേണ്ടത്. മാസങ്ങള്‍ വച്ച് ശമ്പളം പിടിക്കുമ്പോള്‍ വലിയ തുക ലഭിക്കില്ല. വേഗത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, മന്ത്രിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാത്രമല്ല, എംഎല്‍എമാരുടെയും ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെയും ശമ്പളത്തില്‍ കുറവ് വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പിടിക്കുന്ന എല്ലാ തുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ തിരിച്ചുകൊടുക്കും.
Recommended Video
ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ ഇതിനെ അനുകൂലിച്ചെങ്കിലും പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഭാരമാകാത്ത രീതിയില്‍ എങ്ങനെ ശമ്പളം പിടിക്കാമെന്ന ചര്‍ച്ച വന്നത്. മെയ് മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവുണ്ടാകുമെന്നാണ് വിവരം. ശമ്പള ബില്ലുകള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഇന്നുതന്നെ വേഗത്തില്‍ മന്ത്രിസഭ തീരുമാനം എടുത്തത്. ക്ഷാമ ബത്ത മരവിപ്പിക്കുന്നത് പോലുള്ള ബദല്‍ മാര്‍ഗങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. കുടിശ്ശികയുള്ള 12 ശതമാനം ക്ഷാമബത്ത നല്‍കാതിരിക്കുക, ക്ഷാമബത്ത അഞ്ച് മാസം മരവിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് വന്നു.












Click it and Unblock the Notifications