ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് പിന്നില്‍ ചില ശക്തികള്‍; സിഐയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് കോം ഇന്ത്യ
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമയും ചീഫ് എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയയാണ് (കോം ഇന്ത്യ) അറസ്റ്റിനെതിരേ രംഗത്തു വന്നിരിക്കുന്നത്. യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലായിരുന്നു ഷാജനെ അറസ്റ്റ് ചെയ്ത്. സൈബര്‍ സിഐയുടെ നേതൃത്വത്തിലാണ് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
നിയമ വിരുദ്ധ നടപടി സ്വീകരിച്ച സിഐയ്ക്കും അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് കോം ഇന്ത്യ ഭാരവാഹികള്‍ പരാതി നല്‍കി.

ഷാജന്‍ സ്‌കറിയോടുള്ള വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയില്‍ നടന്ന ഈ അറസ്റ്റിന് പിന്നിലുണ്ടെന്ന് കോം ഇന്ത്യ ആരോപിക്കുന്നു. അതു കൊണ്ടു തന്നെ സിഐയുടെ മൊബൈല്‍ ഫോണും വാട്‌സാപ്പ് സന്ദേശങ്ങളും കസ്റ്റഡിയിലെടുത്ത് വിജിലന്‍സ് പരിശോധിക്കണം.
അപകീര്‍ത്തിക്കേസില്‍ ഒരു നോട്ടീസ് നല്‍കി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഷാജന്‍. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെയാണ് ബലമായി അദ്ദേഹത്തെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയത്. ഇതിന് പിന്നില്‍ പ്രത്യേക സ്ഥാപിത താല്‍പ്പര്യം വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
ഷാജന്‍ സ്‌കറിയയും അദ്ദേഹത്തിന്റെ മാധിമ സ്ഥാപനമായ മറുനാടന്‍ മലയാളിയും കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ച കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യ)യുടെ അംഗമാണ്. ഈ സംഘടനയില്‍ അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെകെഎന്‍ കുറുപ്പ് അധ്യക്ഷനായ, ഉന്നത സമിതിക്ക് മുന്‍പാകെയാണ്. കേന്ദ്ര വാര്‍ത്താ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഉന്നത സമിതിയാണിത്.
അവിടെയും പരിഗണിക്കപ്പെട്ടില്ലങ്കില്‍ പരാതിക്കാര്‍ക്ക് നേരിട്ട് വാര്‍ത്താ മന്ത്രാലയത്തെ തന്നെ സമീപിക്കാവുന്ന സാഹചര്യമുണ്ട്. അതാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ നിയമത്തില്‍ പറയുന്നത്.
എന്നാല്‍, ഷാജന്‍ സ്‌കറിയക്ക് എതിരെ പരാതി നല്‍കിയ യുവതി ഈ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെയാണ് പരാതിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇതും ഷാജന്‍ സ്‌കറിയയെ കുടുക്കാനുള്ള ഗൂന്ധാലോചനയുടെ ഭാഗമാണെന്ന് കോം ഇന്ത്യ ആരോപിക്കുന്നു. ഇതു പോലുള്ള പകപോക്കല്‍ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനറല്‍ സെക്രട്ടറി കെകെ ശ്രീജിത്തും വ്യക്തമാക്കി.
2025 മാര്‍ച്ച് അവസാന വാരം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇഷ്ടപ്പെടാത്ത അഭിപ്രായമാണെങ്കിലും പറയാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. സമൂഹ മാധ്യമത്തില്‍ ഉറുദു കവിത പോസ്റ്റ് ചെയ്തിന് രാജ്യസഭാ എംപിയായ ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കിയാണ് ഇത്തരമൊരു സുപ്രധാന നിര്‍ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ജസ്റ്റിസുമാരായ അഭയ്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്.
മാത്രമല്ല, ഷാജന്‍ സ്‌കറിയക്ക് എതിരെ, വാര്‍ത്തകളുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുന്‍പ് തന്നെ നോട്ടീസ് നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊന്നും തന്നെ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പാലിച്ചിട്ടില്ലെന്നും കോം ഇന്ത്യ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി സൈബര്‍ സെല്‍ സിഐയ്ക്ക് എതിരെയും നിയമ വിരുദ്ധ നീക്കങ്ങള്‍ക്ക് സിഐയെ പ്രേരിപ്പിച്ചവര്‍ക്ക് എതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications