മതസ്വാതന്ത്ര്യം ഇല്ലെന്ന് പറഞ്ഞ് ചിലർ ഭാരതത്തെ അപഹസിക്കുന്നുവെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
തൃശൂർ: ബി ജെ പി അനുകൂല പ്രസ്താവനയില്‍ വിശദീകരണവുമായി ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. എല്ലാ മതവിഭാഗങ്ങളിലും വർഗീയ സംഘടനകളുണ്ട്. എന്നാല്‍ ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല മതത്തിനുള്ളത്. മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുവെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇന്ത്യ വലിയൊരു രാജ്യമാണ്. അതിനാല്‍ തന്നെ സ്വാഭാവികമായും ചില അസ്വാരസ്യങ്ങളുണ്ടാവും. അത്തരം സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ആവശ്യമാണെങ്കില്‍ പ്രതിഷേധിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാലോ ആരെങ്കിലും എന്തെങ്കിലുമൊക്കെ കാണിച്ചാലോ അത് മുഴുവൻ മോദിയാണ്, ബി ജെ പിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞു. ആളുകളുടെ വ്യക്തിത്വ വികസനത്തിനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആർ എസ് എസ് പഠിപ്പിക്കുന്നതെന്നും പാമ്പാടി ദയറയിൽ ബി ജെ പി നേതാവ് എൻ ഹരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഓര്‍ത്തഡോക്‌സ് സഭയുടെ വക്താവല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ വ്യക്തി സ്വാതന്ത്രം ഒരിക്കലും സഭയുടെ പൊതുധാരയ്ക്ക് എതിരാവില്ല. ചർച്ച് ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സർക്കാർ നിലപാടിനോട് എതിർപ്പുണ്ടെങ്കിലും മന്ത്രി വീണ ജോർജിന് എതിരെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഔദ്യോഗികമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക്, ബി ജെ പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു.
ക്രൈസതവർക്കെതിരായ അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണമെന്നും ബാവ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങള്‍ എന്നത് കൂടിയാണ് ശ്രദ്ധേയം.












Click it and Unblock the Notifications