കോർപറേഷന് മുന്നിലെ അക്രമസമരം ഊതികത്തിക്കാൻ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: സിപിഎം
തിരുവനന്തപുരം: കോർപറേഷന് മുന്നിലുള്ള അക്രമസമരത്തെ പരമാവധി ഊതികത്തിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ കൊണ്ട് പിടിച്ച് പരിശ്രമം തുടരുകയാണെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ജനവിരുദ്ധമായ സമരം ജനങ്ങൾക്കിടയിൽ വേണ്ടത്ര ഏശുന്നില്ല എന്നത് കൊണ്ട് തന്നെ ആരംഭം മുതൽ അക്രമത്തിലേക്കാണ് അത് നീങ്ങിയത്. യുഡിഎഫ് ബഹു. ഹൈക്കോടതിയിൽ നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞതോടെ സമരത്തിന്റെ പൊള്ളത്തരം ഒന്ന് കൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷ മാധ്യമങ്ങൾക്ക് ഒരു മാറ്റവും വരില്ല, കോടതി വിധി അവർക്കൊരു പ്രശ്‌നമേയല്ല. " മേയർക്ക് നിയമകുരുക്കുകൾ കാത്തിരിക്കുന്നു " എന്ന തലക്കെട്ട് കൊടുത്താണ് ഇന്ന് മനോരമ ആശ്വാസം കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുൻപ് നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മുഖ്യമന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു മുറുകുന്നു എന്ന് ആവർത്തിച്ച് എഴുതുകയും പറയുകയും ചെയ്ത മാധ്യമമാണ് മനോരമ. ആ കുരുക്കൊക്കെ എങ്ങോട്ട് പോയെന്ന് ജനങ്ങൾ കണ്ടതാണ്. നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണ്ണം അടുത്ത കാലത്ത് അന്വഷണ ഏജൻസി പിടിച്ചെടുത്തത് മനോരമ ഒരു കോളം വാർത്തയിൽ ഒതുക്കി. പിടിക്കപെട്ടവരിൽ സിപിഐ എം ന്റെ ബ്രാഞ്ച് സെക്രട്ടറിയുടെ അയൽവാസിയെങ്കിലും ആയിരുന്നെങ്കിൽ എട്ട് കോളത്തിൽ വെണ്ടയ്ക്ക നിരത്തുമായിരുന്നു ഈ പത്രമുത്തശ്ശി. പക്ഷെ ഇതിൽ തങ്ങളുടെ ഇഷ്ടക്കാരാണ് കുരുങ്ങിയത് എന്നത് കൊണ്ടാവാം മനോരമ ഒരു ഉദ്‌ബോധനവും വിശകലനവും ഇല്ലാതെ ഒറ്റക്കോളത്തിൽ വാർത്ത കൊടുത്ത് അവസാനിപ്പിച്ചത്.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ പങ്കെടുക്കാത്ത ചില കൗൺസിലർമാർ ഓഫീസിൽ നിന്ന് ബുക്ക് തട്ടിയെടുത്ത് ഒപ്പിട്ട രീതിയെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിമർശിച്ചതാണ് ഇപ്പൊ പ്രധാന പിടിവള്ളി. കമ്മിറ്റിയിൽ പങ്കെടുക്കാതെ രഹസ്യമായി ഒപ്പിടുന്നത് തെറ്റായ രീതിയാണ്. ഒപ്പിട്ടവരിൽ സ്ത്രീയും പുരുഷനും ഉണ്ട്. ഒപ്പിട്ടാൽ കിട്ടുന്നത് സിറ്റിംഗ് ഫീസാണ്. അക്കാര്യമാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചൂണ്ടികാണിച്ചത്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മൂന്ന് കൗൺസിലർമാർ രഹസ്യമായി ഒപ്പിട്ടകാര്യം വിമർശിച്ചതിനെ സ്ത്രീവിരുദ്ധ പരാമർശം എന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കുക എന്ന് വലതുപക്ഷ മാധ്യമങ്ങൾ വിശദീകരിച്ചാലേ മനസിലാകൂ.
ഇതോടെ സിപിഐ എം നേതൃത്വം വീണ്ടും വെട്ടിലായി എന്നാണ് മനോരമ ആശ്വാസം കൊള്ളുന്നത്. മനോരമയിലെ പേനയുന്തികൾക്ക് സിപിഐ എം വിരോധം ആവുന്നത്ര ശർദ്ധിച്ചാൽ മാത്രമേ അവിടെ പിടിച്ച് നിൽക്കാനാവു എന്നത് എല്ലാവർക്കും അറിയാം. മുതുമുത്തശ്ശന്റെ കാലം മുതലുള്ള പാരമ്പര്യമാണത്. അതിന് വേണ്ടി എന്തും വളച്ചൊടിക്കാനും ഏത് കള്ളത്തരം വിളമ്പാനും നടത്തുന്ന പരിശ്രമങ്ങൾ ജനങ്ങൾക്ക് മനസ്സിലാവില്ല എന്നാണ് മനോരമ കരുതുന്നതെങ്കിൽ നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്നേ തല്ക്കാലം പറയുന്നുള്ളുവെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു.
വിദ്യാലയങ്ങളിൽ തസ്‌തിക നിർണ്ണയം നടത്തുന്നതിന് അല്പം താമസം നേരിട്ടതിനെതിരെ മനോരമ ഗർജ്ജിക്കുകയാണ്. ജോലി കാത്തിരിക്കുന്നവരോടും, കരുത്ത് പ്രാപിച്ച് വരുന്ന പൊതുവിദ്യാലയങ്ങളോടും സംസ്ഥാന സർക്കാർ വഞ്ചന തന്നെയാണ് കാണിക്കുന്നത് എന്നാണ് മനോരമ വിലപിക്കുന്നത്. മനോരമയുടെ ഭാഷ്യം കേട്ടാൽ പൊതുവിദ്യാലയങ്ങൾ സ്വയം കരുത്ത് പ്രാപിക്കുകയാണ് എന്ന് തോന്നുമെന്നും ആനാവൂർ വിമർശിക്കുന്നു.
തങ്ങളുടെ ഇഷ്ടപുത്രനായ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് കേരളം വാണരുളിയിരുന്ന കാലത്ത് പൊതുവിദ്യാലയങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് കുട്ടികൾ കൊഴിഞ്ഞ് പോവുകയും1004 സ്‌കൂളുകൾ സാമ്പത്തിക ലാഭമില്ല എന്ന പേരിൽ അടച്ചുപൂട്ടുമെന്നും അന്നത്തെ വിദ്യാഭ്യസ മന്ത്രി ശ്രീ അബ്ദു റബ്ബ് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ മനോരമ ഒരക്ഷരം മിണ്ടിയിട്ടില്ല, അത് കണ്ടതുമില്ല. നൂറ് കണക്കിന് അധ്യാപകർ പ്രൊട്ടക്റ്റഡ് വിഭാഗത്തിൽ പെട്ട് തൊഴിലില്ലാത്തവരായി മാറിയപ്പോഴും പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനങ്ങൾ പൂർണമായി ഇല്ലാതായപ്പോഴും മനോരമയ്ക്ക് ഒരു സങ്കടവും ഉണ്ടായില്ല.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അഭിമാനകരമായി വളരുന്നു എന്ന യാഥാർഥ്യം അംഗീകരിക്കതിരിക്കാൻ മനോരമയ്ക്കും കഴിയില്ല എന്ന് വന്നപ്പോൾ വിഷയം വളച്ചൊടിക്കാനും സർക്കാരിന് എതിരായി പ്രചരണം നടത്താനും മനോരമയുടെ സ്വതസിദ്ധമായ പ്രവർത്തനം കണ്ടാൽ ചിരി വരും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 11 ലക്ഷത്തോളം കുട്ടികൾ പുതുതായി എത്തിച്ചേർന്നതും പുതിയ അധ്യാപക തസ്‌തികകൾ സൃഷ്ടിക്കപ്പെട്ടതും നിയമനം നടത്തിയതും എൽഡിഎഫ് നേതൃത്വം നൽകുന്ന സ: പിണറായി വിജയൻ സർക്കാർ ആണെന്ന യാഥാർഥ്യം മനോരമയുടെ പ്രചരണം കൊണ്ട് മാത്രം മറഞ്ഞ് പോകില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്താനും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ കുട്ടികൾക്ക് നൽകാനും ഉള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇനിയും മുന്നേറുക തന്നെ ചെയ്യും. ട്രാഫിക് സിഗ്നൽ മുതൽ വോട്ടിംഗ് മെഷീൻ വരെ നമ്മുടെ കുട്ടികൾക്ക് നിർമ്മിക്കാനുള്ള പരിശീലനം കൊടുക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയിലേക്ക് കേരളം കടക്കുകയാണ്. അതിനായി കേരളത്തെ സഹായിക്കുന്ന എല്ലാവരുടെയും സഹായം ഉണ്ടാകും എന്നുറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications