മലപ്പുറത്തെ നടുക്കി വീണ്ടും കൊലപാതകം! പെരിന്തൽമണ്ണയിൽ മകൻ ഉമ്മയെ വെട്ടിക്കൊന്നു...
നഫീസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ നൗഷാദിനെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മലപ്പുറം: അരീക്കോട്ടെ ദുരഭിമാനക്കൊലയുടെ ഞെട്ടൽ മാറും മുൻപേ മലപ്പുറത്തെ നടുക്കി വീണ്ടും കൊലപാതകം. പെരിന്തൽമണ്ണ മണലായയിൽ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. മണലായ പൂക്കാട്ടു തൊടി നഫീസ(55)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
നഫീസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ നൗഷാദിനെ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു. മാതാവിനെ വെട്ടിക്കൊന്ന നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. മാനസിക വൈകല്യമുള്ള മകനും നഫീസയും ഒരുമിച്ചായിരുന്നു മണലായയിൽ താമസിച്ചുവന്നിരുന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. നൗഷാദിനെ വിദഗ്ദ സഹായത്തോടെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട നഫീസയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അരീക്കോട് വിവാഹത്തലേന്ന് മകളെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് പെരിന്തൽമണ്ണയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. രണ്ടു സംഭവങ്ങളിലും കൊല്ലപ്പെട്ടതും കൊലപ്പെടുത്തിയവരും ഉറ്റവരായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.












Click it and Unblock the Notifications