രണ്ടാം ഘട്ടത്തില്‍ സോണിയയെ ചോദ്യം ചെയ്തത് 6 മണിക്കൂർ; നാളെ വീണ്ടും ഹാജരാവണം
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആറ് മണിക്കൂറിലെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസ് വിട്ടു. മൂന്നാം റൗണ്ട് ചോദ്യം ചെയ്യലിനായി നാളേയും സോണിയയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ മകൻ രാഹുൽ ഗാന്ധിക്കും മകൾ പ്രിയങ്ക ഗാന്ധി ഒപ്പമായിരുന്നു സോണിയ ഗാന്ധി ഇന്ന് അന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തിയത്.
സോണിയയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചതിന് ശേഷം, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. അതേസമയം, 75 വയസ്സുള്ള അമ്മയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്ന സാധ്യത കണക്കിലെടുത്ത് പ്രിയങ്ക ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ മറ്റൊരു മുറിയിൽ മരുന്നുകളുമായി ഇരിക്കുകയായിരുന്നു.

സമൻസ് വെരിഫിക്കേഷനും ഹാജർ ഷീറ്റിൽ ഒപ്പിടലും ഉൾപ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം രാവിലെ 11:15 ന് തന്നെ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ഇഡി ഓഫീസിന് പുറത്ത് പോലീസ് വൻ സേനയെ വിന്യസിക്കുകയും സോണിയയുടെ വീടിനും സെൻട്രൽ ഡൽഹിയിലെ വിദ്യുത് ലെയ്‌നിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഓഫീസിനുമിടയിലുള്ള 1 കിലോമീറ്റർ ദൂരത്തില്‍ ബാരിക്കേഡുകള്‍ കൊണ്ട് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു .
കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ വ്യാഴാഴ്ച രണ്ട് മണിക്കൂറോളം സോണിയയെ ഇഡി ചോദ്യം ചെയ്തിരുന്നു. 25 ലേറെ ചോദ്യങ്ങളാണ് അന്ന് സോണിയയോട് ചോദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫീസില്‍ ഹാജരാകമെന്ന് സോണിയ റിയിക്കുകയായിരുന്നു. നേരത്തെ ജൂൺ 8 ന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് അയച്ചെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹാജരായിരുന്നില്ല. നേരത്തെ രാഹുല്‍ ഗാന്ധിയേയും ഇതേ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications