സൂര്യകൃഷ്ണ മൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്റ് ഷോയുടെ ശില്‍പി

കലാ സംഘാടകനും നാടക രചയിതാവും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യകൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇസ്രായേലിലെ ജോലി വിട്ട് കലാരംഗത്തേക്ക് എത്തിയ സൂര്യകൃഷ്ണമൂര്‍ത്തി മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആന്റ് ഷോയുടെ ശില്‍പി കൂടിയാണ്. വിശ്വപ്രതിഭകള്‍ക്കായി കേരളത്തില്‍ വേദിയൊരുക്കിയ അദ്ദേഹം തികഞ്ഞ കലാസ്വാദകനായിരുന്നു.

കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 50 വര്‍ഷമായി സൂര്യ ഫെസ്റ്റിവല്‍ നടക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ അദ്ദേഹം ദീര്‍ഘകാലം ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയര്‍ സയന്റിസ്‌റ് ആയാണ് ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിക്കുന്നത്.

Soorya Krishnamoorthy

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച 'മേല്‍വിലാസം' എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

നാടകരചയിതാവ്, സാംസ്‌കാരിക നായകന്‍, കലാ സംഘാടകന്‍ തുടങ്ങി വ്യത്യസ്ത നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയെ ആണ് കലാകേരളത്തിന് നഷ്ടമാകുന്നത്. കേരള സര്‍ക്കാര്‍ 2023-ല്‍ സിവിലിയന്‍ ബഹുമതിയായ കേരളപ്രഭ നല്‍കി ആദരിച്ചിരുന്നു. മേല്‍വിലാസം കൂടാതെ എന്റെ രക്ഷകന്‍, ചായക്കടക്കഥകള്‍ എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങള്‍. ഇതില്‍ ആറ് നാടകങ്ങള്‍ അടങ്ങിയ പരമ്പരയാണ് ചായക്കടക്കഥകള്‍.

മേല്‍വിലാസം പിന്നീട് സിനിമയാക്കിയപ്പോള്‍ തിരക്കഥ ഒരുക്കിയതും സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയായിരുന്നു. കൂടാതെ ചായക്കടക്കഥകള്‍ ദൂരദര്‍ശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും സമഗ്രസംഭാവനയ്ക്ക് പോണ്ടിച്ചേരി സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

1951 ഏപ്രില്‍ 11ന് കോട്ടയത്താണ് സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ജനനം. നടരാജ കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. സൂര്യ ഫെസ്റ്റിവലിലൂടെ ലോകമെമ്പാടുമുള്ള കലാകാരന്‍മാര്‍ക്കായി വേദിയൊരുക്കിയ അദ്ദേഹത്തിന്റെ ആശയമാണ് ടൂറിസം വാരാഘോഷം എന്നതും. ദേശിയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതികള്‍, ഇന്ത്യന്‍ പനോരമ സെലക്ഷന്‍ സമിതി, എന്‍എഫ്ഡിസി സ്‌ക്രിപ്റ്റ് കമ്മിറ്റി, തുടങ്ങിയവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2003 ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ മാന്‍ ഓഫ് ദി ഇയര്‍ ആയി. ഏറ്റവും മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആന്‍ഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതിയും നേടിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ ്‌നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. 1994 ല്‍ ആണ് ഈ ബഹുമതി തേടിയെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma