'സോറി സംഘ് ഗയ്സ്, ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല'! 'ദ കേരള സ്റ്റോറി'ക്കെതിരെ രാഹുൽ
കോഴിക്കോട്: കേരളത്തെ കുറിച്ചുളള വിവാദ പ്രമേയം അടങ്ങിയ ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കേരളത്തില്‍ മറ്റ് മതക്കാരായ സ്ത്രീകളെ മുസ്ലീം യുവാക്കള്‍ പ്രണയിച്ച് മതംമാറ്റിയ ശേഷം ഐഎസില്‍ ചേര്‍ക്കുന്നു എന്നുളളതാണ് പ്രമേയമെന്നാണ് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
ഈ ചിത്രത്തിനെതിരെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് അടക്കമുളളവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അടക്കം കത്ത് നല്‍കിയിരുന്നു. ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവങ്ങളാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അതേസമയം ഇത് നമ്മുടെ കേരളത്തിന്റെ സ്റ്റോറിയല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രതികരണം: 'കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെകുറിച്ച് ചർച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയിൽ ആദ്യം ഇഗ്നോർ ചെയ്തു. അപ്പോഴാണ് പ്രസംഗത്തിൽ ഞാൻ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാർട്ടിൻ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓർത്തത്.
അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓർത്തത്, കാരണം ' ഒടുവിൽ അവർ എന്നെ തേടി വരും' വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.
ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങൾ പറയുന്ന ' ദ് കേരള സ്റ്റോറി ' ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല! ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ല.
സിനിമയിലൂടെ നിങ്ങൾ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങൾ വളരുവാൻ ശ്രമിക്കുക...
ഇവിടെ നിങ്ങൾ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗർഭാഗ്യവശാൽ മുസ്ലീം സമൂഹമാണ്. ഹിന്ദു - ക്രിസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക. എന്തായാലും നാം ജാഗ്രത പുലർത്തുക... അവസാനം അവർ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവർക്കൊപ്പം നില്ക്കുക..... Sorry sangh guys this is not our story....!












Click it and Unblock the Notifications