'പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ മനുഷ്യന്റെ മുന്നിലേക്ക്', ജനാർദ്ദനനെ കാണാനെത്തി സൗന്ദര്‍ രാജ്
കണ്ണൂര്‍: ബീഡി തൊഴിലാളിയായ കണ്ണൂര്‍ക്കാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം ബാങ്ക് ജീവനക്കാരനായ സൗന്ദര്‍ രാജ് സിപിയാണ് മലയാളികള്‍ക്ക് മുന്നില്‍ ഫേസ്ബുക്കിലൂടെ എത്തിച്ചത്. അറിഞ്ഞവര്‍ പലരും മെനഞ്ഞെടുത്ത കഥയാണെന്ന് പോലും സംശയിച്ചു. എന്നാല്‍ ആ ബീഡി തൊഴിലാളിയായ ജനാര്‍ദനനെ മാധ്യമങ്ങള്‍ കണ്ടെത്തി. മുഖ്യമന്ത്രി അടക്കം കേരളം മുഴുവന്‍ ജനാര്‍ധനനെ അഭിനന്ദിച്ചു.
ജനാര്‍ദനനെ വീട്ടിലെത്തി കണ്ടതിന്റെ സന്തോഷവും കേരള ബാങ്ക് ജീവനക്കാരനായ സൗന്ദര്‍രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. കുറിപ്പ് വായിക്കാം: '' ഞങ്ങള്‍ ഇന്ന് ആ വലിയ മനുഷ്യനെ കാണാന്‍ എത്തി . കേരളബാങ്ക് ഡി ജി എം. ശ്രീ. വി. നാരായണനും സീനിയർ മാനേജർ ശ്രീമതി കെ. എം. റീനയും ബാങ്കിന്റെ സ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചു. .സി എന്‍ മോഹനന്‍,ധനേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം മലയാളി മുഴുവന്‍ അന്വേഷിച്ചു നടന്ന വ്യക്തിയുടെ മുന്നില്‍.

എന്റെ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ മനുഷ്യന്റെ മുന്നിലേക്ക് നടന്നടുക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നു.. പേര് പുറത്തറിഞ്ഞതില്‍ നീരസം പ്രകടിപ്പിക്കുമോ എന്ന്. പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല. മറിച്ചു നിറഞ്ഞ ചിരിയായിരുന്നു. പേര് പുറത്തറിയിക്കില്ല എന്ന് അദ്ദേഹത്തിന് കൊടുത്ത വാക്ക് സത്യസന്ധതയോടെ തന്നെ പറയട്ടെ ഞങ്ങള്‍ 100% പാലിച്ചിരുന്നു. എന്നാല്‍ സൂചനകള്‍ വെച്ച് ആളെ കണ്ടെത്തിയത് ചാനലുകാരുടെ മിടുക്ക് തന്നെ.
ചില വെളിപ്പെടുത്തലുകള്‍ സമൂഹത്തിന് ഗുണം ചെയ്യുന്നതെങ്കില്‍ കുറ്റപ്പെടുത്തിക്കൂടാ. നന്മ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഈ മനുഷ്യന്റെ പേരും മുഖവും ലോകംഅറിയാതിരുന്നെങ്കില്‍ അത് സമൂഹത്തോട് കാണിക്കുന്ന അപരാധമായിപോയേനേ. PR വര്‍ക്കെന്നും മെനഞ്ഞെടുത്ത കഥയെന്നുംപറഞ്ഞു പരിഹസിച്ചവര്‍ക്ക് ഇതു കാണുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥത നമുക്ക് അവഗണിക്കാം. എന്റെ പരിമിതമായ സുഹൃത്ത് വലയത്തില്‍ മാത്രം ഒതുങ്ങുമായിരുന്ന കുറിപ്പ് ഏറ്റെടുത്ത് ജനാര്‍ദ്ദനേട്ടന് അര്‍ഹമായ ആദരം സാധ്യമാക്കിയ എല്ലാവരോടും നന്ദി.
Recommended Video
എന്നില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച് വാര്‍ത്തകള്‍ നല്‍കിയ എല്ലാ മാധ്യമങ്ങളോടും മാധ്യമ സുഹൃത്തുക്കളോടും നന്ദി. പ്രിയപ്പെട്ട ജനാര്‍ദ്ദനേട്ടാ നിങ്ങളുടെ പേര് ഇന്ന് കണ്ണൂരിലെ സാധരണ ദിനേശ് ബീഡിതൊഴിലാളി എന്നത് മാത്രമല്ല. ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള മലയാളിയുടെ ആത്മവിശ്വാസത്തിന്റെ പര്യായ പദം കൂടിയാണ്. നിങ്ങളെ ശ്രദ്ധിക്കാനും സംരക്ഷിക്കാനും നന്മ വറ്റാത്ത മനസ്സുകള്‍ ഉണ്ടെന്നു ഉറപ്പാണ്. ആശംസിക്കുന്നു..
സന്തോഷകരമായ ജീവിതം''












Click it and Unblock the Notifications