"എല്ലാ കൊലപാതകവും നടത്തിയത് ഞാൻ തന്നെ", അറസ്റ്റിന് മുൻപ് ഭർത്താവിനും മകനും എല്ലാം അറിയാമായിരുന്നു!!
കോഴിക്കോട്: കൂടത്തായിയിൽ കൊലപാതകങ്ങൾ നടത്തിയ കാര്യം പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഭർത്താവിനോടും മകനോടും ജോളി പറഞ്ഞിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി കെജി സൈമൺ. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തലേ ദിവസമായിരുന്നു ജോളി കുറ്റസമ്മതം നടത്തിയിരുന്നത്. റോയ് തോമസിന്റെ മരണത്തിന് പിന്നില്‍ അമ്മ ജോളിയാണോയെന്ന് മൂത്ത മകന് സംശയമുണ്ടായിരുന്നുവെന്നും സൈമണ്‍ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
സർട്ടിഫിക്കറ്റ് തിരുത്തിയത് മൂലമാണ് തന്റെ ജീവിതം ഇങ്ങനെ ആയതെന്ന് തന്നോട് ജോളി പറഞ്ഞിരുന്നെന്നും റൂറൽ എസ്പി സൈമൺ പറഞ്ഞു. സ്വന്തം സഹോദരനോടും ഇക്കാര്യം ജോളിവ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം സമർപ്പിച്ചത്. മഞ്ചാടി മാത്യു കൊലപാതക കേസിലാണ് നാലാമത്തെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2014 ഫെബ്രുവരി 24നാണ് മഞ്ചാടിയിൽ മാത്യുവിനെ ജോളി കൊലപ്പെടുത്തയിത്.

നാലാം കുറ്റപത്രം
ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം. മറ്റു മൂന്നു കേസുകളിലെയും പോലെ ജോളിയമ്മയെന്ന ജോളി തന്നെയാണ് മാത്യു മഞ്ചാടിയില്‍ കേസിലും ഒന്നാംപ്രതി.

മദ്യത്തിൽ സനൈഡ് കലർത്തി
മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്കിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നത്. റോയിയുടെ സ്വത്ത് ഇനി ജോളിക്ക് നല്‍കരുതെന്നും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യവും ജോളിക്ക് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ തുടക്കം
റോയ് തോമസ്, സിലി, ആല്ഫൈന് കേസുകളിലാണ് ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് റൂറല്‍ എസ്പി കെജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോവുന്ന സാഹചര്യത്തിലാണ് നാലാമത്തെ കുറ്റപത്രവും പെട്ടെന്ന് സമർപ്പിച്ചത്. കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്റെ ചുരുളഴിയുന്നത്.

ആൽഫേൻ കൊലപാതക കേസ്
ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റേയും സിലിയുടേയും മകളായ ആല്ഫൈന് കൊല്ലപ്പെടുന്നത് 2014 മെയ് മാസമാണ്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെ ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. സയനൈഡ് ശരീരത്തിൽ എത്തിയതോടെ അവശ നിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കവെയാണ് മരണം സംഭവിച്ചത്. ആൽഫൈൻ കൊലപാതക കേസിലായിരുന്നു പോലീസ് മൂന്നാം കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 110 സാക്ഷികൾ
ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രത്തിൽ ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം എസ് മാത്യു ആണ് രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്കിയ സ്വര്ണ്ണപ്പണിക്കാരന് പജുകുമാറാണ് മൂന്നാം പ്രതി. കേസിൽ 110 സാക്ഷികളുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. സയനൈഡ് ഉള്ളില്‍ ചെന്ന് ആല്ഫൈന് മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറുമാണ് പ്രധാന സാക്ഷികൾ. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ആദ്യ കുറ്റപത്രം മൂന്ന് മാസങ്ങൾക്ക് ശേഷം
റോയ് തോമസ് കൊലപാതക കേസിലാണ് ആദ്യ കുറ്റപത്രം പോലീസ് സമർപ്പിച്ചത്. സംഭവത്തിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ആഭ്യഭര്‍ത്താവായ റോയ് തോമസിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ജോളിയെ അറസ്റ്റ് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം പൂര്‍ത്തിയാകുമ്പോഴാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

റോയ് തോമസ് കൊലപാതകം
കൊല്ലപ്പെട്ട റോയിയുടെ ബന്ധു എം എസ് മാത്യു, താമരശ്ശേരിയിലെ സ്വര്ണ്ണപ്പണിക്കാരൻ പ്രജുകുമാര്‍, മുൻ സിപിഎം പ്രവര്ത്തകൻ മനോജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ജോളിയ്ക്കൊപ്പം മാത്യുവിനും പ്രജുകുമാറിനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. 2011 സെപ്റ്റംബര്‍ 30നായിരുന്നു റോയ് തോമസിന്റെ കൊലപാതകം. വീട്ടിലുണ്ടായ മരണങ്ങളിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഏക മൃതദേഹം റോയ് തോമസിന്റേതായിരുന്നു. അന്ന് കൊലപാതകമാണെന്ന് സംശയമുണര്‍ന്നെങ്കിലും സംഭവം പുറത്തറിയാതെ മുഖ്യപ്രതിയും റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി മൂടി വെയ്ക്കുകയായിരുന്നു.