പ്രതിപക്ഷം ചെയ്തത് മാത്രം കുറ്റം... അപ്പോള്‍ സ്പീക്കര്‍ നിഷ്പക്ഷനല്ലേ?
തിരുവനന്തപുരം: നിയസഭയില്‍ ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ചെയ്ത കാര്യങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്ന് നിയമസഭ സ്പീക്കര്‍ എന്‍ ശക്തന്‍. എന്നാല്‍ അതിനെ എതിര്‍ത്ത് ഭരണപക്ഷ എംഎല്‍എമാര്‍ ചെയ്തതൊന്നും കുറ്റമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണപക്ഷ എംഎല്‍എമാരുടെ അടുത്തെത്തി ഉപദ്രവിക്കുകയായിരുന്നു എന്നാണ് സ്പീക്കര്‍ പറയുന്നത്. അങ്ങനെ ഉപദ്രവിക്കുമ്പോള്‍ തിരിച്ചും ഉപദ്രവിച്ചിരിക്കാമെന്നും സ്പീക്കര്‍ കണ്ടെത്തുന്നുണ്ട്. അതില്‍ ഒരു തെറ്റുമില്ലെന്നും സ്പീക്കര്‍ പറയുന്നു.

ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര വാച്ച് ആന്‍ഡ് വാര്‍ഡുമായാണ് ബജറ്റ് ദിവസം നിയമസഭ കൂടിയത്. അതും പോരാഞ്ഞിട്ടാണോ ഭരണപക്ഷ എംഎല്‍എമാര്‍ കൂടി മാണിയുടെ സംരക്ഷണത്തിനറങ്ങിയത് എന്ന ചോദ്യം മാത്രം ബാക്കിയാണ്. ജമീല പ്രകാശം, ബിജിമോള്‍ എന്നീ വനിത എംഎല്‍എമാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളൊന്നും സ്പീക്കറുടെ കണ്ണില്‍ ക്രിമിനല്‍ കുറ്റങ്ങളല്ല.
നിയമസഭയുടെ സുരക്ഷാ ചുമതലയുള്ള ചീഫ് മാര്‍ഷലിന്റെ വീട് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സ്പീക്കറുടെ അഭിപ്രായപ്രകടനം. സഭയില്‍ അക്രമമുണ്ടാക്കിയ പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാച്ച് ആന്‍ഡ് വാര്‍ഡ് ആരേയും ഉപദ്രവിച്ചിട്ടില്ലെന്നാണ് സ്പീക്കറും ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ പ്രതിപക്ഷം ഇത് അംഗീകരിക്കുന്നില്ല. അക്രമം തങ്ങളാണ് നടത്തിയതെന്ന കാര്യവും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. വനിത എംഎല്‍എമാരെ ആക്രമിച്ചതടക്കം 13 പരാതികള്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications