'ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കും, സമരം ജനങ്ങള്‍ കാണുന്നുണ്ട്'; സ്പീക്കര്‍ എഎന്‍ ഷംസീര്‍
ഷാഫി പറമ്പിന് പിന്നാലെ റോജി എം ജോണിനെയും ചാലക്കുടി എം എല്‍ എ സനീഷ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു.

തിരുവനന്തപുരം: പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബാനര്‍ ഉയര്‍ത്തിയിള്ള സമരം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. സ്പീക്കറെ മറയ്ക്കുന്ന രീതിയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാണിച്ചതാണ് സ്പീക്കറെ പ്രകോപിതനാക്കിയത്.
ബാനര്‍ പിടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിന് പിന്നാലെ റോജി എം ജോണിനെയും ചാലക്കുടി എം എല്‍ എ സനീഷ് ജോസഫിനെയും സ്പീക്കര്‍ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. 16ാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അുനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.
നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. എന്‍ ജയരാജിനെ ശ്രദ്ധ ക്ഷണിക്കലിനായി ക്ഷണിച്ചു. എന്നാല്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
അതേസമയം, സ്പീക്കറുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഷാഫി പറമ്പില്‍ തോല്ക്കും, അല്ലെങ്കില്‍ തോല്പ്പിക്കും എന്ന് സി പി എം പറയുമ്പോള്‍ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബി ജെ പിയെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിന്റെ വാക്കുകളിലേക്ക്...
ഷാഫി പറമ്പില്‍ അടുത്ത തവണ തോല്ക്കും' സ്പീക്കര്‍ എ എന്‍ഡ ഷംസീര്‍. നാടിന് വേണ്ടി , ശുദ്ധ വായുവിന് വേണ്ടി നിയമസഭയില്‍ ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് ഈ ഭീഷണി... ഷാഫി പറമ്പില്‍ തോല്ക്കും, അല്ലെങ്കില്‍ തോല്പ്പിക്കും എന്ന് സി പി എം പറയുമ്പോള്‍ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബി ജെ പിയെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രം.
അവിടെ ബി ജെ പിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പ്പിക്കുവാന്‍ ഇത്തവണയും നിങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീര്‍.... വിജയന്‍ പറയും പോലെയല്ല ' ഇത് ജനുസ്സ് വേറെയാണ്.
അതേസമയം, നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ സ്പീക്കര്‍, ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ഷംസീറിന് ജ്യോതിഷമുണ്ടോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്.
കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയ കൗണ്‍സിലര്‍മാരെയടക്കം മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കൊച്ചി കോര്‍പ്പറേഷന്‍ ആഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാലിന്യവുമായിട്ടായിരുന്നു മാര്‍ച്ച്.
സ്പീക്കര്‍ നിലവിട്ടു പെരുമാറാന്‍ പാടില്ല. ഭരണകക്ഷിക്ക് വേണ്ടിയല്ല നില്‍ക്കേണ്ടത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പവിത്ര സംരക്ഷിക്കേണ്ടതാണ് സ്പീക്കര്‍. എല്ലാ നഗരസഭയിലെയും പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. കൊച്ചിയിലെ പോലെ മാലിന്യ പ്രശ്നം കേരളത്തിലെ മറ്റ് ഏതെങ്കിലും നഗരസഭയിലുണ്ടോയെന്നും ചോദിച്ചു.












Click it and Unblock the Notifications