'എന്റെ വായിൽ കൈയിട്ട് അത് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്', പ്രതിപക്ഷത്തിന് മറുപടിയുമായി സ്പീക്കർ എഎൻ ഷംസീർ
ശബരിമല സ്വർണ്ണക്കൊള്ളയുടെ പേരിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഭരണപക്ഷവും ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് വരെ കയറി. വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം ആക്രമിച്ചുവെന്ന് ഭരണപക്ഷം ആരോപിക്കുന്നു.
പ്രതിപക്ഷ എംഎൽഎമാർ ഡയസിൽ കയറിയത് ശരിയായില്ലെന്നും
വാച്ച് ആൻഡ് വാർഡർമാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതി ഉണ്ടായെന്നും സ്പീക്കർ എഎൻ ഷംസീർ ആരോപിക്കുകയുണ്ടായി. ഇതിന് പിന്നാലെ സ്പീക്കർ കളളം പറയുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. ഇതോടെ മറുപടിയുമായി എഎൻ ഷംസീർ രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ന് നിയമസഭയിൽ ചില പ്രതിപക്ഷ അംഗങ്ങൾ ഡയസ്സിന് അടുത്തെത്തി സ്പീക്കർ കള്ളം പറയുന്നു എന്ന് ആരോപിക്കുകയുണ്ടായി. സ്വന്തം വാദം ജയിക്കാനോ മറ്റുള്ളവരെ അടിച്ചമർത്താനോ വേണ്ടി കള്ളം പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളല്ല സ്പീക്കർ എന്ന നിലയിൽ ഇന്ന് ഈ കസേരയിലിരിക്കുന്നത്. അതുകൊണ്ട് അത്തരം വാദങ്ങൾ ഇവിടെ ചിലവാകില്ല.

എന്റെ വായിൽ കൈയിട്ട് അക്രമം നടത്തിയ അംഗത്തിൻ്റെ പേര് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തിൽ 'പൊളിറ്റിക്കൽ ജെന്റിൽനസ്' എല്ലാ കാലത്തും കാണിച്ച ഒരാളായതുകൊണ്ട് മാത്രമാണ് ആ പേര് പരാമർശിക്കാൻ ഞാൻ ഉദ്ദേശിക്കാത്തത്. നിങ്ങൾ ഉന്നയിക്കുന്ന ഏത് വിഷയവും, അത് ശബരിമലയിലെ സ്വർണക്കൊള്ളയാണെങ്കിൽ കൂടി ചർച്ച ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കിയതാണ്. ഗവൺമെന്റ് ചർച്ചക്ക് തയ്യാറുമാണ്. എന്നാൽ നിർഭാഗ്യവശാൽ പ്രതിപക്ഷം അതിന് തയ്യാറാകുന്നില്ല.
18 അടിയന്തര പ്രമേയങ്ങൾ ചർച്ചക്കെടുത്ത ഈ 15-ാം കേരള നിയമസഭയ്ക്ക് ശബരിമല വിഷയം ചർച്ച ചെയ്യുന്നതിൽ യാതൊരു മടിയുമില്ല. ജനാധിപത്യത്തിൽ സാധാരണ ഗതിയിൽ ഭരണപക്ഷം ചർച്ചകൾ തള്ളിക്കളയുകയാണ് പതിവ്. എന്നാൽ ഇവിടെ ചരിത്രത്തിലാദ്യമായി, ഞങ്ങൾ ചർച്ചക്ക് തയ്യാറാണെന്ന് ഭരണപക്ഷം സത്യസന്ധമായി അറിയിച്ചിട്ടും, പലവട്ടം സഭയെ ആ കാര്യം ബോധ്യപ്പെടുത്തിയിട്ടും, നോട്ടീസ് നൽകി ചർച്ചക്ക് വരാൻ പ്രതിപക്ഷം ഭയക്കുന്നത് എന്തിനാണ്? ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
ഒരുകാര്യം അടിവരയിട്ടു പറയുന്നു; സഭ തടസ്സപ്പെടുത്തലല്ല, മറിച്ച് സംവാദവും ചർച്ചയുമാണ് ജനാധിപത്യത്തിന്റെ അലങ്കാരം. ഏറ്റവും കൂടുതൽ സംവാദങ്ങളും ചർച്ചകളും നടന്ന സഭയാണ് 15-ാം കേരള നിയമസഭ. ഇത്രയധികം അടിയന്തര പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുത്തപ്പോൾ അത് നിയന്ത്രിക്കാൻ സാധിച്ചു എന്നത് രാഷ്ട്രീയമായിത്തന്നെ അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും''.












Click it and Unblock the Notifications