India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസഹാഖ് മാസ്റ്ററും ദാമോദരൻ നമ്പൂതിരിയും, അറിഞ്ഞിരിക്കേണ്ട രണ്ടു മനുഷ്യർ, പരിചയപ്പെടുത്തി സ്പീക്കർ

Google Oneindia Malayalam News

സമകാലിക കേരളം മാതൃകയാക്കേണ്ട രണ്ട് മനുഷ്യരെ മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് സ്പീക്കർ എംബി രാജേഷ്. ഭഗവദ്ഗീത പരിഭാഷപ്പെടുത്തിയ ഇസഹാഖ് മാസ്റ്ററും മസ്ജിദ് നിർമ്മിക്കാൻ സ്വന്തം സ്ഥലം സംഭാവന ചെയ്ത ദാമോദരൻ നമ്പൂതിരിയും. ദാമോദരൻ നമ്പൂതിരിയേയും ഇസഹാഖ് മാസ്റ്ററെയും പോലുള്ളവരുടെ പാരമ്പര്യമാണ് ഇന്ന് നാം ഉയർത്തിപ്പിടിക്കേണ്ടത്. ഇതുപോലുള്ള മനുഷ്യർ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോഴുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയേണ്ട കാലമാണിതെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടുന്നു.

അറിഞ്ഞിരിക്കേണ്ട രണ്ടു മനുഷ്യർ എന്ന തലക്കെട്ടിലാണ് സ്പീക്കറുടെ കുറിപ്പ്. വായിക്കാം: '' ഭക്ഷണം മുതൽ മിശ്രവിവാഹം വരെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും മതത്തിന്റെ മറവിൽ രാഷ്ട്രീയമായി ദുരുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കാലത്ത് ,ഇന്നലെ പങ്കെടുത്ത ഒരു ചടങ്ങ് വളരെ വ്യത്യസ്തവും അർഥവത്തുമായി അനുഭവപ്പെട്ടു. 'ശ്രീകൈരളി ഭഗവദ്ഗീത' എന്ന പേരിൽ ഭഗവദ്ഗീത പരിഭാഷപ്പെടുത്തിയ, അലനല്ലൂരിലെ വിദ്വാൻ ഇസഹാഖ് മാസ്റ്ററെ അനുസ്മരിക്കുന്നതിനും പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി മാസ്റ്ററെ ആദരിക്കുന്നതിനുമായി അലനല്ലൂരിൽ ഹോപ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്.

കാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതികാസ്റ്റിംഗ് കൗച്ചും ലൈംഗിക ചൂഷണവും, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എവിടെ? പിണറായി സർക്കാരിനോട് പാർവ്വതി

ഇസഹാഖ് മാസ്റ്റർ ഭഗവദ്ഗീത പരിഭാഷപ്പെടുത്തിയെങ്കിൽ, ദാമോദരൻ നമ്പൂതിരി മസ്ജിദ് നിർമ്മിക്കാൻ സ്വന്തം സ്ഥലം സംഭാവന ചെയ്ത ആളാണ്. രണ്ടു പേരും മതനിരപേക്ഷ കേരളത്തിന്റെ ഉജ്വല മാതൃകകൾ. "അനേകം പേരുടെ ആത്മാർഥവും ആധികാരികവുമായ പ്രവർത്തനങ്ങളിലൂടെയാണ് ഭാരതത്തിന്റെ ജനജീവിതത്തിൽ മതനിരപേക്ഷത സ്ഥാനമുറപ്പിച്ച"തെന്ന് ഇസഹാഖ് മാസ്റ്റർ തന്റെ ഭഗവദ്ഗീത പരിഭാഷയുടെ മുഖവുരയിൽ പറയുന്നുണ്ട്. മുസ്ലിമായ താൻ ഭഗവദ്ഗീത പരിഭാഷപ്പെടുത്തുന്നത് മതമൈത്രിയുടെ സിദ്ധാന്ത പ്രചാരണത്തിന് ഉപകരിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിക്കുന്നുണ്ട്. ഏതാനും വർഷം മുമ്പ് രാമായണത്തെക്കുറിച്ച് വിശദമായ പഠനമെഴുതിയ ഡോ. എം എം ബഷീറിന് നേരിടേണ്ടി വന്ന വിലക്കുകളും ഭീഷണികളും എനിക്കോർമ്മ വന്നു. മുസ്ലിമായ ബഷീറിന് രാമായണത്തെക്കുറിച്ച് എഴുതാൻ എന്തവകാശം എന്ന ആക്രോശമുയർന്നത് മറക്കാറായിട്ടില്ല.

ഇസഹാഖ് മാസ്റ്ററുടെ ശ്രീകൈരളി ഭഗവദ്ഗീത പ്രസിദ്ധീകരിച്ചത് 1977 ലാണ്. നാല് പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങളുണ്ടായി. വർഗ്ഗീയശക്തികൾ ഇന്ത്യയിൽ അധികാരത്തിലെത്തി. വലിയ തോതിലുള്ള വർഗീയവൽക്കരണം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംഭവിച്ചു. മതനിരപേക്ഷ പൊതുമണ്ഡലത്തിന് ആഴത്തിലുള്ള മുറിവുകളേറ്റു. വർഗീയതയുടെ ഈ അതിശക്തമായ കടന്നാക്രമണത്തിലും കേരളത്തിൽ മതനിരപേക്ഷതയുടെ ശക്തമായ അടിത്തറ തകർക്കപ്പെടാതെ പിടിച്ചുനിൽക്കാനായി എന്ന് നമുക്ക് അഭിമാനിക്കാം. എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ജീവിതത്തിനും സാരമായ
പോറലുകളേറ്റിറ്റുണ്ടെന്നത് നമുക്ക് വിസ്മരിക്കാനാവില്ല. മുമ്പ് കേരളത്തിൽ പറയാൻ ധൈര്യപ്പെടാതിരുന്ന പലതും വീണ്ടുവിചാരമില്ലാതെ വിളിച്ചു പറയാനും മറ്റും തുനിയുന്നവരുടെ എണ്ണം കൂടുന്നത് അതുകൊണ്ടാണ്.

നാല് പതിറ്റാണ്ടിനിപ്പുറം, ഒരു മുസ്ലീമിന് രാമായണത്തെ കുറിച്ച് എഴുതാൻ എന്തവകാശമെന്ന ചോദ്യമുയർന്നതും 1977 ൽ ഇസഹാഖ് മാസ്റ്റർ ഭഗവദ്ഗീത പരിഭാഷ പ്രസിദ്ധീകരിച്ചപ്പോൾ അതുണ്ടാകാതിരുന്നതും ആ മാറ്റത്തിന്റെ ഭാഗമാണ്. എം ടി അടുത്ത കാലത്ത് പറയുകയുണ്ടായല്ലോ, തന്റെ വിഖ്യാത സിനിമയായ 'നിർമാല്യ'ത്തിലെ അവസാന രംഗം ഇന്നാണെങ്കിൽ ചിത്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്ന്. ഒരു മതനിരപേക്ഷ സമൂഹം എന്ന നിലയിൽ അന്നത്തേതിൽ നിന്ന് കേരളം എത്രത്തോളം പിന്നിലേക്ക് നടന്നു എന്നു കൂടി തെളിയിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. ഇന്ത്യയിലെ വിഖ്യാതമായ ഒരു ഹിന്ദു ഭജൻ ഓർമയിലെത്തുകയാണ്. ഷക്കീൽ ബദായുനി എഴുതി നൗഷാദ് അലി ഈണം നൽകിയ ആ ഗാനം പാടിയത് മുഹമ്മദ് റാഫിയാണ്. ബൈജു ബാവ്റ എന്ന ഹിന്ദി സിനിമയിലെ 'മൻ തർപത് ഹരി ദർശൻ ' എന്ന ഗാനം. അതിന്റെ ഭക്തിഭാവവും ഹൃദയദ്രവീകരണ ശക്തിയും സമാനതകളില്ലാത്തതാണ്. ആ സർഗപ്രക്രിയയെല്ലാം ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരെ സ്വാഭാവികമായി നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നാണെങ്കിൽ അതെത്ര വലിയ കോലാഹലം സൃഷ്ടിക്കുമായിരുന്നു.

55

ശാസ്ത്രീയ നൃത്തം പഠിച്ചതിന് ഒരു മുസ്ലിം പെൺകുട്ടിക്ക് മുസ്ലിം മത തീവ്രവാദികളിൽ നിന്ന് ഭീഷണി നേരിട്ടതു കേരളത്തിലാണ്. കഥകളി സംഗീതം പഠിച്ചതിന് കലാമണ്ഡലം ഹൈദരാലി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ് നമുക്കെല്ലാം അറിയുന്നതാണ്. ഇന്ത്യയിലാകെയുണ്ടായ മാറ്റത്തിനനുസരിച്ച് എങ്ങനെയാണ് കേരള സമൂഹത്തെയും കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും വർഗീയ വൈറസ് രോഗാതുരമാക്കിയത് എന്നാണിത് കാണിക്കുന്നത്. ആ രോഗാതുരതയുടെ പ്രതിഫലനങ്ങൾ തന്നെയാണ് ഭക്ഷണം മുതൽ വിവാഹം വരെയുള്ള നിത്യജീവിതാനുഭവങ്ങളെ മുൻനിർത്തി പകയുടെയും വിദ്വേഷത്തിന്റെയും അന്തരീഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഭക്ഷണത്തിൽ വിശ്വാസത്തെ കലർത്തി രാഷ്ട്രീയവത്കരിക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും ആളെ കൊല്ലുന്നതും ഇന്ത്യയിൽ നിത്യസംഭവമായിട്ട് കുറച്ച് കാലമായി. പക്ഷേ കേരളത്തിലത് വല്ലാതെ വിലപ്പോയിരുന്നില്ല.

'ആശ ശരതും ശ്വേത മേനോനും മോഹൻലാലിന്റെ പാനലല്ല', ജയിക്കാനുളള തന്ത്രമെന്ന് മണിയൻപിളള രാജു'ആശ ശരതും ശ്വേത മേനോനും മോഹൻലാലിന്റെ പാനലല്ല', ജയിക്കാനുളള തന്ത്രമെന്ന് മണിയൻപിളള രാജു

എന്നാൽ ഇപ്പോൾ മറ്റൊരു തരത്തിൽ ഭക്ഷണത്തെ വർഗീയ ചേരിതിരിവിന്റെ ഒരു ആയുധമാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുകയാണ്. ശ്രവിവാഹങ്ങളെയെല്ലാം ലവ് ജിഹാദായി മുദ്രകുത്തുന്ന പ്രവണതയും വർഗീയ രാഷ്ട്രീയത്തിന്റെ തന്നെ സൃഷ്ടിയാണ്. ഇന്ത്യയിലും കേരളത്തിലും എത്രയോ പേർ മിശ്രവിവാഹിതരായിരിക്കുന്നു. അന്നൊന്നുമില്ലാത്ത തരത്തിൽ ഇപ്പോൾ വിവാഹത്തെ വർഗീയവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ മതനിരപേക്ഷ കേരളം ചെറുക്കേണ്ടതാണ്. എന്നാൽ മിശ്രവിവാഹങ്ങളെല്ലാം ലവ് ജിഹാദാണെന്ന് ആസൂത്രിതമായ പ്രചാരണം നടക്കുമ്പോൾ വേറൊരറ്റത്തു നിന്ന് മിശ്രവിവാഹങ്ങൾക്ക് സമാനമായ വർഗീയ വ്യാഖ്യാനം ചമക്കുന്നത് ആരെയാണ് സന്തോഷിപ്പിക്കുക, ആർക്കാണ് ആയുധമായിത്തീരുക എന്ന് വിവേകമതികൾ ആലോചിക്കേണ്ടതാണ്. വർഗീയശക്തികൾക്ക് മതം മനുഷ്യനെ സംസ്കരിക്കാനുള്ള ഒരു മൂല്യസംഹിത എന്നതിനേക്കാൾ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം എന്ന നിലയിൽ ഉപയോഗിക്കാനാണിഷ്ടം. മതവും രാഷ്ട്രീയവും കൂടിക്കലരുന്നതാണ് വർഗീയത. ശ്രീനാരായണഗുരു പറഞ്ഞത് ഇക്കൂട്ടർക്ക് ബാധകമാണ്.

"പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം."
എല്ലാ മതത്തിന്റെയും സാരം ഒന്നാണെന്ന് ഗുരു പറഞ്ഞതിനർത്ഥം, എല്ലാ മതങ്ങളും മനുഷ്യരെ കൂടുതൽ സംസ്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എന്നാണ്. എന്നാൽ ആ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് സ്വാർത്ഥലാഭങ്ങൾക്കായി മതവിശ്വാസത്തെ മറയാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നത് ജീവിതത്തെ കലുഷമാക്കും. ദാമോദരൻ നമ്പൂതിരിയെ പോലുള്ളവർക്ക് സ്വന്തം ഭൂമി മസ്ജിദ് നിർമിക്കാൻ സംഭാവന ചെയ്യാൻ കഴിയുന്നത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സഹിഷ്ണുതയിലും പ്രബുദ്ധതയിലും അടിയുറച്ച ഒരു നാടിന്റെ മേന്മ കൊണ്ടാണ്. മന്ദിറിന്റെയും മസ്ജിദിന്റെയും പേരിൽ പതിനായിരക്കണക്കിന് മനുഷ്യർ കൂട്ടക്കൊല ചെയ്യപ്പെട്ട, ചോരപ്പുഴകളൊഴുകിയ ഒരു നാട്ടിൽ തന്നെയാണ് ഒരു ദേശം മുഴുവൻ ഗുരുനാഥനായി ആദരിക്കുന്നയാൾ എത്രയോ വർഷം മുമ്പ് മസ്ജിദിന് സ്ഥലം സംഭാവന ചെയ്തത്. മസ്ജിദ് തകർത്തിടത്തു തന്നെ മന്ദിരം പണിയുന്നതാണ് വിശ്വാസ സംരക്ഷണമെന്ന് അലമുറയിടുന്നവർക്ക് ദാമോദരൻ നമ്പൂതിരിയെ പോലുള്ള യഥാർത്ഥ വിശ്വാസികളെ മനസ്സിലാക്കാനാവില്ല.

ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ

ദാമോദരൻ നമ്പൂതിരിയേയും ഇസഹാഖ് മാസ്റ്ററെയും പോലുള്ളവരുടെ പാരമ്പര്യമാണ് ഇന്ന് നാം ഉയർത്തിപ്പിടിക്കേണ്ടത്. ഇതുപോലുള്ള മനുഷ്യർ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോഴുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയേണ്ട കാലമാണിത്. ശ്രീ.എൻ.ഷംസുദ്ദീൻ എം എൽ എ യാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്.
NB: -ഇസഹാഖ് മാസ്റ്ററെക്കുറിച്ച് ഞാനും കൂടുതൽ അറിയുന്നത് ഈ ചടങ്ങിന് ക്ഷണിച്ചപ്പോഴാണ് . മലയാളം വിദ്വാനായിരുന്ന അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അലനല്ലൂർ സ്കൂളിലെ മലയാളം പണ്ഡിറ്റായി നിയമനം കിട്ടിയതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് അലനല്ലൂരിൽ വന്ന് സ്ഥിര താമസമാക്കി.അദ്ദേഹത്തിന്റെ ഗീതാ പരിഭാഷക്ക് അവതാരിക എഴുതിയത് പ്രമുഖ ഭാഷാപണ്ഡിതൻ ശൂരനാട് കുഞ്ഞൻ പിള്ളയായിരുന്നു. ഇതിനകം മൂന്നു പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞു. ശ്രീ.എൻ.വി.കൃഷ്ണവാര്യരും പരിഭാഷയെ പ്രശംസിച്ചിട്ടുണ്ട്''.

English summary
Speaker MB Rajesh introduces two persons who should be model for Kerala in this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X