കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം, കർഷകരുടെ സമരത്തെ പിന്തുണച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയിൽ ആഴ്ചകളായി തുടരുന്ന കർഷക സമരത്തെ പിന്തുണച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് എന്ന് സ്പീക്കർ പ്രതികരിച്ചു.

പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം: "അധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ " എന്ന് ഇടശ്ശേരി എഴുതിയത് ജൻമിത്തം കൊടികുത്തി വാഴുന്ന കാലത്താണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരാണ്ട് തികഞ്ഞിരുന്നേ ഉള്ളൂ. അതിൽ പിന്നെ ഭൂപരിഷ്ക്കരണങ്ങളിലൂടെയും എത്രയോ നിയമ നിർമ്മാണങ്ങളിലൂടെയും പദ്ധതികളിലൂടെയുമാണ് നാടിന്റെ കാർഷികമേഖലയെ സംരക്ഷിച്ചു പോന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനപരവും പ്രധാനവുമായത് കാർഷികമേഖല തന്നെയാണ്. കാർഷിക മേഖല നേരിടുന്ന ഏത് പ്രതിസന്ധിയും പ്രത്യക്ഷമായോ പരോക്ഷമായോ നമ്മൾ ഓരോരുത്തരേയും ബാധിക്കുന്നതാണ്.

ps

കാർഷിക മേഖലയുടെ വികാസമാണ് നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വികസനം സാധ്യമാക്കുക. പൊതു സംഭരണവും താങ്ങുവിലയും കർഷകർക്കുള്ള ഔദാര്യമല്ല, രാജ്യത്തിന്റെ തന്നെ ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കും സാമ്പത്തികോന്നമനത്തിനും വേണ്ടിയാണ്. അങ്ങിനെയിരിക്കെ അവരുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും നേരെ കണ്ണടയ്ക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമനിർമ്മാണം സമത്വബോധവും ജനഹിതവും സംരക്ഷിച്ചു കൊണ്ടായിരിക്കണം.

മുതലാളിത്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ തുടങ്ങുന്നിടത്ത് അടി തകർന്നു പോകുന്നതാണ് ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്നത് മറന്നു കൂടാത്തതാണ്. താങ്ങുവില നോക്കി ലോണെടുത്ത് തങ്ങളുടെ കൃഷിയെ നിലനിർത്തുന്ന സാധാരണ കൃഷിക്കാരാണ് നമ്മുടേത്. കൊള്ളലാഭമുണ്ടാക്കുന്നതും പൂഴ്ത്തിവെപ്പും വിലകയറ്റവും എല്ലാം നിയന്ത്രിക്കുന്ന നമ്മുടെ പൊതുസംഭരണ സംവിധാനങ്ങളും പൊതുഗതാഗതവും നിഷ്ക്രിയമാകുകയോ വൻകിട കോർപ്പറേറ്റുകൾക്ക് പണയം വയ്ക്കുകയോ ചെയ്യുന്നത് കർഷകർക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദ്രോഹകരമാണ്.

തിടുക്കപ്പെട്ട്, ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ചെവി കൊടുക്കാതെ പാസാക്കപ്പെടുന്ന നിയമങ്ങളെ ജനാധിപത്യ ദൃഷ്ടിയിൽ അത്ര നിഷ്കളങ്കമായും ജനോപകാരപ്രദമായും കാണാനാകില്ല. അസ്ഥാനത്തല്ലാത്ത കർഷകരുടെ ആശങ്കകളെ, ദുരീകരിക്കേണ്ടത്, അവരുടെ പ്രതിഷേധങ്ങളെ മാനിക്കേണ്ടത്, അവരെ സംബന്ധിക്കുന്ന ഏതൊരു നിയമവും തീരുമാനം തന്നെയും അവരുടെ കൂടി പൊതുസമ്മതിയോടു കൂടിയാവേണ്ടത് ജനാധിപത്യപരമായി സൂക്ഷിക്കേണ്ട കേവല മര്യാദയാണ്''.

English summary
Speaker P Sreeramakrishnan comes in support of farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X