'അങ്ങനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു', സുഗതകുമാരിയെ അനുസ്മരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. രാത്രിമഴ പോലെ, ഗോപികയെ പോലെ, വിഷാദം പോലെ, ഊർമ്മിളയെ പോലെ വിഷാദാത്മകമായി എഴുത്തുകൊണ്ട് മനസ്സ് തൊട്ടുണർത്തുമ്പോൾ തന്നെ കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന ശക്തിദായിനിയും അഭയയുമായ അമ്മ... അങ്ങിനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു എന്ന് സ്പീക്കർ ഫേസ്ബുക്കിലെ അനുശോചനക്കുറിപ്പിൽ കുറിച്ചു.

"ഒപ്പം നടന്ന സുഹൃത്തേ, നമുക്കൊന്നു
നിൽക്കുക, ധന്യമുഹൂർത്ത മിതോർക്കുക
നാം മറക്കാതെയിരിക്കുക, തപ്തമാ
യാമങ്ങൾ, തീവ്രയത്നത്തിന്റെ ധന്യത
അശ്രുവിൽ മുക്കിനാം കാക്കുക, ദീർഘമാ
വർഷങ്ങൾ, കാടിനു കാവലായ് നിന്നവ
കാട്ടിനു നാവു കൊടുത്തവർ നാം ഒത്തു
പാടുക! നാടിൻ തുയിലുണർത്താൻ "
അതെ, ആ യത്നങ്ങളുടെ ദീർഘകാലത്തെ അനുസ്മരിച്ച്, ആ വാക്കുകളിലെയും പ്രവൃത്തികളിലേയും വെളിച്ചത്തെ പുതിയ കാലത്തിന്റെ തെളിച്ചമാക്കി കൊണ്ടാകാം ടീച്ചർക്കുള്ള ആദരം എന്നും സ്പീക്കർ കുറിച്ചു. മൃതിയെ വിസ്മൃതിയിലാക്കുന്ന താരകമായി പാവം മാനവ ഹൃദയങ്ങളിൽ ടീച്ചർ എന്നും പ്രകാശിച്ചു കൊണ്ടിരിക്കുമെന്ന് തീർച്ച. ബാഷ്പാഞ്ജലികളോടെ വിട...''












Click it and Unblock the Notifications