പുതിയ എംഎൽഎമാർക്ക് സ്പീക്കറുടെ സമ്മാനം നീല ട്രോളി ബാഗ്; 'ട്രോളിയതാണോ?
തിരുവനന്തപുരം∙ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനമായി നൽകി സ്പീക്കർ എ എൻ ഷംസീർ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായ സംഭവമായിരുന്നു യു ഡി എഫ് നീല ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്ന ആരോപണം. അതുകൊണ്ട് തന്നെ പുതിയ എം എൽ എമാർക്കുള്ള സമ്മാനം നീല ട്രോളിയായത് നിയമസഭ ഹാളിൽ ചിരി പടർത്തി.
ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഉൾപ്പെടെയുള്ളവയാണ് സ്പീക്കർ നൽകിയ ട്രോളി ബാഗിൽ ഉണ്ടായിരുന്നത്. എല്ലാ പുതിയ എം എല്‍ എമാര്‍ക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്നുമാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ. ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ യു ആർ പ്രദീപ് സഗൗരവവും രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, കെ രാജൻ, ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് വിപ്പ് എൻ ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.












Click it and Unblock the Notifications