ശ്രീറാം ഇനി മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിൽ; ആരോഗ്യനില പുറത്തുവിടാതെ ഡോക്ടർമാർ!
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ച് മരണപ്പെട്ട സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി. അതേസമയം ശ്രീറാമിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയിൽ വാർഡിൽ എത്തിച്ചത്.
എന്നാൽ രാത്രി 11 മണിയോടെതന്നെ ഇദ്ദേഹത്തെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റുകായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ സർജിക്കൾ ഐസിയുവിൽ നിന്ന് മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം.

പോലീസ് വീഴ്ച വരുത്തി
അതേസമയം കേലിസ്‍ റിമാൻഡിലായ പ്രതചി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ മ്യൂസിയം പോലീസിന് അടിമുടി വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കവെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മ്യൂസിയം എസ്ഐ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേസെടുത്തില്ല...
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നാല് മണിക്കൂർ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല. ഡിജിപി ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോർട്ട് നൽകി.

ആശുപത്രിയിലും എല്ലാ സഹായവും...
സ്വകാര്യ ആശുപത്രിയിൽ ടിവിയും പത്തോളം അതിഥികൾക്ക് ഇരിക്കാൻ സൗകര്യവുമുള്ള ശീതീകരിച്ച മുറിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പല ഉന്നതരും ശ്രീറാമിനെ കാണാനെത്തിയിരുന്നു എന്നാണ് വിവരം. റിമാൻഡിൽ കഴിയുന്ന പ്രതിയെ മുൻകൂർ അനുമതിയില്ലാതെ കാണാൻ സാധിക്കില്ല. പക്ഷേ, പോലീസ് ഇതിനെല്ലാം ഒത്താശ ചെയിയ്തെന്നാണ് ആരോപണം ഉയരുന്നത്. റിമാൻഡിൽ കഴിയുമ്പോഴും പ്രതി മൊബൈൽ ഫോണിലും വാട്സ്ആപ്പിലും സജീവമായിരുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനെല്ലാം പോലീസ് ഒത്താശ ചെയ്തുകൊടുത്തുവെന്ന് പരക്കെ ആരോപണം ഉണ്ടായിരുന്നു.

എല്ലാം മാധ്യമ സൃഷ്ടി
അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ് ജാമ്യാപേക്ഷ. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും. മാധ്യമങ്ങൾ പറയുന്നത് പോലെയാണ് തനിക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കും അപകടത്തിൽ ഗുരുതരമായ അപകടം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സസ്പെൻഡ് ചെയ്യാൻ സാധ്യത
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ നിന്ന് തിങ്കളാഴ്ച തന്നെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത. 2013 ബാച്ചുകാരനാണ് ശ്രീറാം വെങ്കിട്ടരാമൻ. യുകെയിൽ കേന്ദ്രസർക്കാർ നൽകിയ സ്കോളർഷിപ്പോടെ ഉപരിപഠനം നടത്തി തിരിച്ചു വന്നു. ഇതിനുള്ള പാർട്ടി കഴിഞ്ഞ് മടങ്ങുന്നവഴിയാണ് കരിയറിന് തന്നെ വലിയ തിരിച്ചടിയായ വാഹനാപകടം സംഭവിക്കുന്നതും മാധ്യമപ്രവർത്തകൻ മരണപ്പെടുന്നതും.












Click it and Unblock the Notifications