നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവ്, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജി വെച്ചു. വിചാരണക്കോടതി മാറ്റണം എന്നുളള സര്‍ക്കാരിന്റെയും നടിയുടേയും ആവശ്യം ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പിന്മാറ്റം. സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ഇ മെയില്‍ വഴി അദ്ദേഹം രാജിക്കത്ത് അയച്ചു. നിര്‍ത്തി വെച്ച വിചാരണ നടപടികള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ന് തുടങ്ങേണ്ടതായിരുന്നു.
എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. നടിയുടെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചു. എന്നാല്‍ പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തില്‍ മുന്നോട്ട് പോകണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ തളളുകയായിരുന്നു.

Recommended Video
വിചാരണക്കോടതിക്ക് എതിരെ നടിയും സർക്കാരും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ കോടതിയില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായി എന്നാണ് നടി ആരോപിച്ചത്. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത തരത്തിലുളള ചോദ്യങ്ങളുണ്ടായി. കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി. തന്റെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുളള ചോദ്യങ്ങള്‍ പോലുമുണ്ടായി. എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ നിരവധി അഭിഭാഷകര്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.
നാല്‍പ്പതോളം അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം മുന്നില്‍ വെച്ചാണ് ഇതൊക്കെ നടന്നത് എന്നും നടി ആരോപിച്ചു. പലവട്ടം കോടതി മുറിയില്‍ വെച്ച് കരയേണ്ട സാഹചര്യമുണ്ടായി. ചില ചോദ്യങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്ത് രംഗത്ത് എത്തിയപ്പോള്‍ പോലും അവ തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി ഹൈക്കോടതിയില്‍ ആരോപിച്ചു.
നടിയുടെ വാദങ്ങളെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പിന്തുണച്ചു. ഇരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രതിഭാഗം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴൊന്നും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.വനിതാ ജഡ്ജി ആയിരുന്നിട്ട് പോലും നടിയെ അപമാനിക്കുന്ന തരത്തിലുളള ചോദ്യങ്ങള്‍ അനുവദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ല. വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെയാണ് പ്രോസിക്യൂഷനോട് ഇടപെട്ടത് എന്നും സര്‍ക്കാര്‍ ആരോപിച്ചു.












Click it and Unblock the Notifications