'ബിജെപി പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക അടയാളങ്ങൾ : സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു'
കണ്ണൂർ; കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സിപിഎം ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബ് നിർമ്മാണം നടത്തി കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിൻ്റെ ഭാഗമായിട്ടാണെന്ന് വേണം സംശയിക്കാൻ.

പാർട്ടി പ്രതിസന്ധിയിലാകുമ്പോൾ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിർമ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് കതിരൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റത്. അഴിയൂർ സ്വേദശി രെമീഷ് അടക്കം രണ്ട് സിപിഎം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്തയാളാണ് രമീഷ്. ഇയാളുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റിരുന്നു.












Click it and Unblock the Notifications