കെഎസ് യുവിന് മാത്രമല്ല, ഡിവൈഎഫ്‌ഐക്കും അക്ഷരം തെറ്റും!!!
തിരുവനന്തപുരം:കിസ്സ് ഓഫ് ലവിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഉപയോഗിച്ച പോസ്റ്ററിലെ അക്ഷരത്തെറ്റ് ഫേസ്ബുക്കില്‍ ഏറെ പരിഹാസങ്ങള്‍ക്ക് വഴി വച്ചതാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരും ഒരുപോലെയാണ് ഇക്കാര്യത്തില്‍ രംഗത്തെത്തിയത്.
എന്നാല്‍ അക്ഷരത്തെറ്റ് എല്ലാവര്‍ക്കും സംഭവിക്കും എന്നാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐയുടെ സ്നേഹ ശൃംഖലയുടെ പോസ്റ്ററും തെളിയിക്കുന്നത്. ശൃംഖലക്ക് പകരം 'ശൃഖല' എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പല പോസ്റ്ററുകളിലും എഴുതിയിരിക്കുന്നത്.

ദേശാഭിമാനി വാര്‍ത്തയിലും ഡിവൈഎഫ്‌ഐ ബ്രേക്കിങ് ന്യൂസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഉപയോഗിച്ചിട്ടുള്ള പോസ്റ്ററിലാണ് അക്ഷരത്തെറ്റ് കടന്ന് കൂടിയിട്ടുള്ളത്. എന്നാല്‍ അക്ഷരത്തെറ്റില്ലാത്ത പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

കിസ്സ് ഓഫ് ലവിനെതിരെ കെഎസ് യു നടത്തിയ പ്രതിഷേധത്തില്‍ 'സാംസ്‌കാരിക അധ:പതനം', 'മൂല്യച്യുതി' എന്നീ വാക്കുകളിലായിരുന്നു അക്ഷരത്തെറ്റ് കടന്നുവന്നത്. അക്ഷരമെഴുതാന്‍ പോലും അറിയാത്തവരാണോ ചുംബനക്കൂട്ടായ്മക്കെതിരെ രംഗത്ത് വന്നതെന്നായിരുന്നു അപ്പോഴുയര്‍ന്ന ചോദ്യം. ഇതിന്റെ പേരില്‍ ഇടതനുകൂലികള്‍ അഴിച്ചുവിട്ട പരിഹാസത്തിന് കയ്യും കണക്കും ഉണ്ടായിരുന്നില്ല.

സദാചാര പോലീസിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ കൂട്ടായ്മ. നവംബര്‍ 4 ന് വൈകീട്ട് കോഴിക്കോട് ബീച്ചില്‍ വച്ചാണ് പരിപാടി. കിസ്സ് ഓഫ് ലവ് എന്ന പ്രതിഷേധ പരിപാടി എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഒരു സമരമാര്‍ഗ്ഗമായിരുന്നില്ലെന്ന് ഡിവൈഎഫ്‌ഐക്കും അഭിപ്രായമുണ്ടായിരുന്നു.












Click it and Unblock the Notifications