കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഹോമിയോ മരുന്നിന്റെ മറവില്‍ കള്ളുഷാപ്പുകളിലേക്കു സ്പിരിറ്റു വില്‍പ്പന

  • By Desk
Google Oneindia Malayalam News

തൃശുര്‍: ഹോമിയോ മരുന്നു നിര്‍മാണത്തിന്റെ മറവില്‍ ലഭിക്കുന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്കും മറ്റും മറിച്ചു വിറ്റയാള്‍ പിടിയില്‍. അനധികൃത കച്ചവടത്തിനു സുരക്ഷിത കവചമൊരുക്കാന്‍ മരുന്നുവില്‍പനശാലയുടെ മറവില്‍ ശ്രമിക്കുകയായിരുന്നുവെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച 970 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. സ്ഥാപന നടത്തിപ്പുകാരന്‍ കൊല്ലം കരുനാഗപ്പിള്ളി സ്വദേശി കോലഴി കോഞ്ചേരി വീട്ടില്‍ താമസിക്കുന്ന കൃഷ്ണകുമാറിനെ (58) അറസ്റ്റുചെയ്തു. 14 വര്‍ഷമായി ഇയാള്‍ ഹോമിയോകച്ചവടം നടത്തിവരുകയാണ്. ഇന്നലെ സംശയാസ്പദ നിലയില്‍ ഇടപാടുകള്‍ കണ്ടതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.

arrest

ഹോമിയോ ലൈസന്‍സ് എടുത്താല്‍ സ്പിരിറ്റു കൈവശം വെക്കാനാകും. 82 രൂപ വിലയുള്ള ഒരു കുപ്പി സ്പിരിറ്റു മറിച്ചുകൊടുത്താല്‍ 200 രൂപ വരെ കിട്ടും. കളളുഷാപ്പുകള്‍ വീര്യംകൂട്ടാന്‍ ഇത്തരം സ്പിരിറ്റുപയോഗിക്കുന്നതായി നേരത്തെ ആക്ഷേപമുണ്ട്. ഹോമിയോ മരുന്നു വില്‍പന കുറഞ്ഞതോടെയാണ് സ്പിരിറ്റു വില്‍പ്പനയിലൂടെ ലാഭമെടുത്തതെന്ന് ഇയാള്‍ മൊഴിനല്‍കി. 2015 ല്‍ സ്പിരിറ്റു ലൈസന്‍സ് കാലാവധി തീര്‍ന്നുവെങ്കിലും തുടര്‍ന്നും കച്ചവടം നടത്തുകയായിരുന്നു. ഏതൊക്കെ കള്ളുഷാപ്പുകളിലേക്കാണ് സ്പിരിറ്റു നല്‍കിയിരുന്നതെന്നു എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. സ്പിരിറ്റിന്റെ അളവു കൂടുമ്പോഴാണ് മദ്യദുരന്തമുണ്ടാകുന്നത്. കള്ളുഷാപ്പുകളിലേക്ക് സ്പിരിറ്റ് എത്തുന്നുണ്ടെന്നതിന്റെ തെളിവായി ഇത്.

പെട്ടികളില്‍ പ്രത്യേകം പാക്കുചെയ്തുവെച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. സ്വന്തം ക്വാളിസ് കാറില്‍ ആവശ്യക്കാര്‍ക്കു സ്ഥിരമായി സാധനം എത്തിച്ചുകൊടുത്താണ് കച്ചവടം നടത്തിയത്.


കാറില്‍ നടത്തുന്ന കച്ചവടമായതിനാല്‍ പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സ്പിരിറ്റ് ചെറിയ ബോട്ടിലുകളിലാണ് സൂക്ഷിച്ചിരുന്നത്. 25 കുപ്പികള്‍ വീതമുള്ള 80 ബോക്‌സുകളും മറ്റു അനധികൃത മരുന്നുകളടങ്ങിയ ശേഖരവും കണ്ടെത്തി. അതീവരഹസ്യമായാണ് വില്‍പന നടത്തിയിരുന്നത്. കേരളവര്‍മ കോളജില്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. പിന്നീട് നഗരത്തില്‍ ബുക്സ്റ്റാള്‍ നടത്തി. അതിനുശേഷമാണ് ഹോമിയോ മരുന്നുവില്‍പനയിലേക്കു തിരിഞ്ഞത്. ഇയാളുടെ മൊബൈല്‍ഫോണ്‍ വിളികള്‍ പിന്തുടര്‍ന്ന് ഏതൊക്കെ കള്ളുഷാപ്പുകളിലേക്കാണ് കച്ചവടം നടന്നിരുന്നതെന്നു കണ്ടെത്താനാണ് നീക്കം. ഇതിനു പ്രത്യേക സ്‌ക്വാഡുണ്ടാക്കി.

യു.പി.യിലെ ഖസിയാബാദില്‍ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നത് എന്ന മൊഴിയും വിശദമായി അന്വേഷിക്കും. ലൈസന്‍സ് ഇല്ലെങ്കിലും സ്പിരിറ്റ് പാഴ്‌സലില്‍ എത്തിയിരുന്നുവെന്നത് എക്‌സൈസിനെ അമ്പരപ്പിച്ചു. സ്ഥിരം താവളങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ജില്ലയിലെ എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കാന്‍ താഴേതട്ടില്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേലിന്റെ നിര്‍ദേശമനുസരിച്ച് എക്‌സൈസ് അസി.കമ്മീഷ്ണര്‍ ഷാജി എസ്.രാജനും സി.ഐ: ടി.പി.ജോര്‍ജും ഇന്‍സ്‌പെക്ടര്‍ ജിജു ജോസുമാണ് തൊണ്ടിമുതല്‍ പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍.ഹരിദാസ്, എ.എ.സുനില്‍, എം.എം.മനോജ്കുമാര്‍, കെ.എസ്.ഗോപകുമാര്‍, കെ.എസ് ബെന്നി, ഡ്രൈവര്‍ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. മുമ്പ് സ്പിരിറ്റു വേട്ട ഇടക്കിടെ പതിവായിരുന്നു. പ്രത്യേകിച്ച് തൃശൂര്‍, പാലക്കാട് മേഖലകളില്‍.

English summary
spirit shifting under homeo medicals in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X