വന്ദേഭാരതിലും 'വയറിളകുന്ന' ഭക്ഷണം? കാറ്ററിങ് സെന്ററില്‍ നിന്ന് പിടികൂടിയത് ചീഞ്ഞ മാംസവും പച്ചക്കറികളും
കൊച്ചി: വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളിലേക്കുള്ള ഭക്ഷണം തയാറാക്കുന്ന കൊച്ചിയിലെ കാറ്ററിങ് സെന്ററില്‍ നിന്ന് പിടികൂടിയത് ചീഞ്ഞ പച്ചക്കറിയും പഴകിയ മാംസവും. എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന കാറ്ററിങ് സെന്ററില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് കണ്ടത്.
ഒരാഴ്ചയോളം പഴക്കമുള്ള കേടായ മാംസമാണ് ഇവിടെ നിന്ന് പിടികൂടിയത്. ഫ്രീസറില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരും വൃത്തിഹീനമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. സ്ഥാപനം അടച്ചുപൂട്ടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് അറിയിച്ചു.

പ്രീമിയം തീവണ്ടിയായ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഈ കാറ്ററിങ് സെന്ററില്‍ നിന്നാണ് ഭക്ഷണം തയ്യാറാക്കി അയക്കുന്നത്. സ്വകാര്യ വ്യക്തി കരാര്‍ എറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണിത്. കൊച്ചി കോര്‍പ്പറേഷന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുതെന്നും പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് രൂക്ഷ ഗന്ധം പ്രവഹിച്ചതോടെയാണ് പ്രദേശവാസികള്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്നാണ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഏറെ നാളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതായും പരാതിയുണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രദേശത്തെ കൗണ്‍സിലര്‍ സ്ഥാപനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പരിശോധനയില്‍ 50 കിലോയോളം കേടായ ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. അടച്ചു വയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണ സാധനങ്ങള്‍ വച്ചിരുന്നത്. പച്ചക്കറികളും ചീഞ്ഞ അവസ്ഥയിലായിരുന്നു. ഈ കെട്ടിടത്തോട് ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവിടേക്കും നല്‍കിയിരുന്നത് ചീഞ്ഞ ഭക്ഷണസാധനങ്ങളായിരുന്നു.
വന്ദേ ഭാരത് സ്റ്റിക്കര്‍ പതിച്ച ഭക്ഷണപ്പൊതികളും ഇവിടെ നിന്ന് കിട്ടി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന നടക്കുമ്പോള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട ആരും സ്ഥലത്തില്ലായിരുന്നു. സ്ഥാപനം എറ്റെടുത്ത് നടത്തുന്ന ആളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു
മുന്‍പ് പല തവണ ഈ സ്ഥാപനത്തിനെതിരെ പരാതി ഉയരുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയൊരു അവസരം നല്‍കാതെ സ്ഥാപനം പൂട്ടാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications