ടോക്കിയോ ഒളിമ്പിക്‌സ് കാണാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്, ചിലവ് സ്വയം വഹിക്കും
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സ് കാണാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് പോകും. ജൂലൈ 23നാണ് ടോക്കിയോയില്‍ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ജൂലൈ 21ന് മന്ത്രി ജപ്പാനിലേക്ക് പോകും. മന്ത്രിയുടെ യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്.
ജപ്പാന്‍ യാത്രയുടെ മുഴുവന്‍ ചിലവുകളും മന്ത്രി വി അബ്ദുറഹിമാന്‍ തന്നെയാണ് വഹിക്കുക. പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 21 മുതല്‍ ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനാണ് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുന്നത്. രണ്ടാമതും അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും ആദ്യമായി വിദേശയാത്ര നടത്തുന്ന മന്ത്രിയായി മാറുകയാണ് വി അബ്ദുറഹിമാന്‍.

ജൂലെ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ടോക്കിയോയില്‍ ഒളിമ്പിക്‌സ് നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ഒളിമ്പിക്‌സ്. ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാണികള്‍ ഇല്ലാതെയാണ് മത്സരങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുളള കാഴ്ചക്കാര്‍ക്ക് ടോക്കിയോ ഒളിമ്പിക്‌സിലേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications