തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ശ്രീജിത്ത്, പിണറായി ആണ് ഏറ്റവും വലിയ നേതാവ്
കോഴിക്കോട്: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിഷ്ണുവിന്റെ അമ്മാവനും ദേശാഭിമാനി ജീവനക്കാരനുമായി ശ്രീജിത്ത്. പുറത്താക്കിയെന്ന കാര്യം പാര്‍ട്ടി ഇത് വരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. ജീവന് തുല്യം സ്നേഹിയ്ക്കുന്ന പാര്‍ട്ടി പുറത്താക്കി എന്ന് പറയുന്നത് വിശ്വസിയ്ക്കാന്‍ ആവില്ലെന്നും ശ്രീജിത്ത് പറയുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് ചില കീഴ് വഴക്കങ്ങള്‍ ഉണ്ട്, ഇതൊന്നും പാലിക്കാതെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് ശ്രീജിത്ത് പറയുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നടത്തിയ സമരങ്ങളെല്ലാം പാര്‍ട്ടിയെ അറിയിച്ച് കൊണ്ടാണ് ചെയ്തത്.വളയത്തെ സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് സമരത്തിന് പോയത്, ഇക്കാര്യങ്ങള്‍ അറിയിച്ച് കൊണ്ട് പാര്‍ട്ടി ഘടകത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും ശ്രീജിത്ത് വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതേ കുറിച്ച് ഇത് വരെ ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. അസ്വാഭാവിക സാഹചര്യങ്ങളില്‍ മാത്രമാണ് വിശദീകരണം പോലും തേടാതെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക. അത്തരം ഒരു സാഹചര്യം തന്റെ കാര്യത്തില്‍ ഇല്ലെന്നും ശ്രീജിത്ത് പറയുന്നു.

പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി ജോലി ചെയ്യുകയായിരുന്ന ശ്രീജിത്ത്. ഒപ്പം മാര്‍ക്കറ്റിംഗ് വിഭാഗത്തിലും ജോലി ചെയ്തിരുന്നു. ഈ ജോലികളില്‍ നിന്ന് രാജിവെച്ചതായി ശ്രീജിത്ത് അറിയിച്ചു. തന്റെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയ്ക്കോ, പത്രത്തിനോ ക്ഷീണം ഉണ്ടാക്കരുതെന്ന് ഉള്ളത് കൊണ്ടാണ് രാജിവച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നു. പാര്‍ട്ടി ഘടകത്തിന് കത്ത് നല്കിയ ശേഷമാണ് തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്.

പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മ മഹിജയെ വിളിച്ച് നല്കിയ ഉറപ്പില്‍ വിശ്വാസമുണ്ട്. തങ്ങളുടെ ഏറ്റവും വലിയ നേതാവാണ് പിണറായി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്തിനെക്കാളും വില കല്‍പ്പിയ്ക്കുന്നു. ജിഷ്ണു കേസില്‍ പ്രതികല്‍ക്ക് തക്ക ശിക്ഷ ലഭിയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു.

പോലീസിനെ കുറ്റപ്പെടുത്തുമ്പോഴും ആഭ്യന്തര വകുപ്പ് ഭരിയ്ക്കുന്ന പിണറായിയെയോ സര്‍ക്കാരിനെയോ കുറ്റപ്പെടുത്താത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന്, പോലീസിലെ എല്ലാവരെ കുറിച്ചും പരാതി ഇല്ലെന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലീസില്‍ ഉണ്ട്. എന്നാല്‍ ജിഷ്ണു കേസ് അട്ടിമറിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

സിപിഎമ്മില്‍ അടി ഉറപ്പ് വിശ്വസിയ്ക്കുന്ന ആളുകളാണ് ഞങ്ങള്‍. മരണം വരെയും പാര്‍ട്ടി പ്രവര്‍ത്തകനായി തന്നെ ഇരിയ്ക്കാനാണ ്ആഗ്രഹം. ആറ് മാസം പ്രായമുള്ള മകനെ പോലും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി തന്നെ വളര്‍ത്തുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.