ശ്രീകണ്ഠൻ നായർക്ക് പണി പാളുന്നു? റേറ്റിംഗിൽ നേട്ടമുണ്ടാക്കാനാകാതെ 24 ന്യൂസ്, മുന്നേറി ന്യൂസ് മലയാളം
വലിയ കോലാഹലങ്ങളുടെ അകമ്പടിയോടെ ബിഗ് ടിവി സംപ്രേഷണം ആരംഭിച്ചതിന് ശേഷമുളള മലയാളം വാര്‍ത്താചാനലുകളുടെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നിരിക്കുകയാണ്. തുടങ്ങിയിട്ട് വളരെ കുറച്ച് സമയമേ ആയിട്ടുളളൂ എന്നതിനാല്‍ ബാര്‍ക് റേറ്റിംഗില്‍ ബിഗ് ടിവി വന്ന് തുടങ്ങിയിട്ടില്ല. നിലവിലുളള ചാനലുകളില്‍ ഈ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
ഓള്‍ കേരള റേറ്റിംഗില്‍ 86.42 പോയിന്റുകളോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നേറ്റം തുടരുന്നത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ 4.46 പോയിന്റ് ഉയര്‍ത്താന്‍ ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചിട്ടുണ്ട്. 79.96 പോയിന്റുകളോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാമത് 24 ന്യൂസ് തന്നെയാണ്. 48.25 പോയിന്റ് മാത്രമാണ് 24 ന്യൂസിന് ലഭിച്ചിരിക്കുന്നത്.
ഒന്നാമത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനോ രണ്ടാമത് നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ടിവിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ 24 ന്യൂസിന് സാധിച്ചിട്ടില്ല. കേരള റൂറല്‍ കണക്കില്‍ 24 ന്യൂസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. 40.72 പോയിന്റുകളോടെ ന്യൂസ് മലയാളം ആണ് മൂന്നാം സ്ഥാനത്തുളളത്. 24 ന്യൂസിന് 38.92 പോയിന്റാണ് ഉളളത്.

ചാനലിന്റെ റേറ്റിംഗ് ഉയർത്താൻ പല വഴികളും ശ്രീകണ്ഠൻ നായർ നയിക്കുന്ന 24 ന്യൂസ് പരീക്ഷിക്കുന്നുണ്ടെങ്കിലും റേറ്റിംഗിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുന്നില്ലെന്നത് വ്യക്തമാണ്. പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായുളള അഭിമുഖവും ശ്രീകണ്ഠൻ നായരുടെ പഴയ ജനപ്രിയ പരിപാടിയായ നമ്മൾ തമ്മിലിനെ തിരിച്ച് കൊണ്ട് വന്നതുമൊന്നും ചാനലിനെ രക്ഷപ്പെടുത്താൻ കാര്യമായി സഹായിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താൻ.
ഓള്‍ കേരള റേറ്റിംഗില്‍ നാലാം സ്ഥാനത്ത് 38.61 പോയിന്റ് നേടി മനോരമ ന്യൂസാണ് ഉളളത്. മനോരമയ്ക്ക് പിന്നില്‍ ന്യൂസ് മലയാളമാണ്. മാതൃഭൂമിയെ ആണ് ന്യൂസ് മലയാളം മറികടന്നിരിക്കുന്നത്. ന്യൂസ് മലയാളത്തിന് 34.02 പോയിന്റും മാതൃഭൂമിക്ക് 32.73 പോയിന്റുമാണ് ഉളളത്. ഏഴാമത് കൈരളി ന്യൂസ് ആണ്. 18.42 പോയിന്റാണ് ഉളളത്. എട്ടാമതുളള ജനം ടിവിക്ക് 17.90 പോയിന്റും ഒന്‍പതാമുളള ന്യൂസ് 18 കേരളത്തിന് 8.69 പോയിന്റും മാത്രമാണ് ഉളളത്.












Click it and Unblock the Notifications