കൈപിടിച്ച് അനുഗ്രഹിക്കാന്‍ അച്ഛനില്ല, കതിര്‍മണ്ഡത്തില്‍ സങ്കടത്തോടെ ശ്രീലക്ഷ്മിയുടെ വിവാഹം
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കല ശാരദമഠത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് വീട്ടിലെത്തിയ വടശേരിക്കോണം വലിയ വിളാകം ശ്രീലക്ഷ്മിയില്‍ രാജുവാണ് കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം.
വിവാഹ ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹത്തിന് കൈപിടിച്ച് നല്‍കാന്‍ പിതാവ് ഇല്ലാത്തതിന്റെ ദുഖം ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിച്ചിരുന്നു. എന്നാലും രാജുവിന്റെ ആഗ്രഹം സഫലമായ സംതൃപ്തിയിലാണ് ശ്രീലക്ഷ്മിയുടെ കുടുംബം.

അച്ഛന്റെ ചിത്രത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച്, അച്ഛനെ അടക്കിയ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി കതിര്‍മണ്ഡപത്തിലേക്ക് എത്തിയത്16ാം ചടങ്ങ് ദിവസം കഴിഞ്ഞതിന് ശേഷമാണ് വിവാഹം നടത്തിയതെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരന്‍ പറഞ്ഞു.
'സന്തോഷമാണ്, എന്നാല്‍ അതിലുപരി സങ്കടമാണ്. കാരണം, മകള്‍ മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ പോലും കരഞ്ഞുകൊണ്ടാണ് നില്‍ക്കുന്നത്. ഏതൊരു വിവാഹവും സന്തോഷമായി നടത്തേണ്ട കാര്യമല്ലേ, ചേട്ടന്റെ എല്ലാ അനുഗ്രഹലും മോള്‍ക്കുണ്ടാകും, ചേട്ടന്റെ ആഗ്രഹം പോലെ ശിവഗിരിയില്‍ വച്ചാണ് വിവാഹം നടത്തിയത്'- സഹോദരന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് അര്‍ദ്ധരാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പന്തലില്‍ എത്തിയ ആക്രമി സംഘം രാജുവിനെ തലയ്്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ ജിഷ്ണുവും സംഘവുമാണ് കൊലപാതകം നടത്തിയത്.
ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച് അയല്‍വാസിയായ ജിഷ്ണു രണ്ട് വര്‍ഷം മുമ്പ് സമീപിച്ചിരുന്നു. ഇത് നിരസിച്ചതിലുള്ള പകയാണ് അക്രമത്തിന് കാരണം. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. വിവാഹവീട്ടില്‍ നിന്ന് എല്ലാവരും പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ജിഷ്ണുവും സംഘവും എത്തിയത്.
കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളമുണ്ടാക്കിയ സംഘം പിന്നീട് വിവാഹവീട്ടിലേക്കെത്തുകയായിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടന്നത്. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പ്രതി ജിഷ്ണുവിനെതിരെ ഗുരുതര ആരോപണവുമായി ശ്രീലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
'രണ്ട് വര്‍ഷം മുന്‍പ് ശ്രീലക്ഷ്മിയെ ജിഷ്ണു പ്രൊപ്പോസ് ചെയ്തിരുന്നു. അവള്‍ ഡിഗ്രി കഴിഞ്ഞവളാണ്. അവന്റെ കുടുംബ പശ്ചാത്തലം മോശമായതിനാല്‍ ആലോചന നിരസിച്ചു. വീട്ടില്‍ തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സാധനങ്ങളൊക്കെ തല്ലിപ്പൊളിക്കുന്ന മാനസികാവസ്ഥയുള്ള ആളാണ് ജിഷ്ണു'- രാജുവിന്റെ സഹോദരിയുടെ മകള്‍ പറഞ്ഞു.












Click it and Unblock the Notifications