ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ കരയിപ്പിച്ച് കടന്നുപോയ ശ്രീനിക്ക് വിട... സംസ്‌കാരം ഇന്ന് രാവിലെ 10-ന്
മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒടുവില്‍ കരയിപ്പിച്ചും കടന്നു പോയ അതുല്യ കലാകാരന്‍ ശ്രീനിവാസന് ഇന്ന് കേരളം വിട നല്‍കും. സംസ്‌കാരം ഇന്ന് രാവിലെ 10-ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരിക്കണക്കിന് ആളുകളാണ് എത്തിയത്.
രാഷ്ട്രീയ-സാമൂഹിക-സിനിമാ മേഖലയിലുള്ള പ്രമുഖരെല്ലാം തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിരവധി സാധാരണക്കാരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിക്കു ശേഷം സംസ്‌കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിക്കും. കണ്ടനാടെ വീടിന്റെ തെക്കേ ഭാഗത്താണ് അദ്ദേഹത്തിന് ചിതയൊരുങ്ങുന്നത്. മക്കളായ ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തും.

ഇന്നലെ രാവിലെ എട്ടരയോടെയാണ് ശ്വാസ തടസത്തെ തുടര്‍ന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. മരണവിവരം അറിഞ്ഞ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ് നടന്‍ സൂര്യ, പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവരും ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് ശ്രീനിവാസന്റെ മൃതദേഹം പൊതു ദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചത്. ശ്രീനിവാസന്റെ മരണത്തില്‍ ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഇന്നലെ ടൗണ്‍ഹാളും അദ്ദേഹത്തിന്റെ വീടുമൊക്കെ സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിന്റെ മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞെങ്കിലും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇന്നലെ മുഴുവന്‍ ഭാര്യ വിമലയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ഇന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാവും രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖരുടെ എല്ലാം ഒരു വലിയ നിര തന്നെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
തലശേരി സ്വദേശിയാണെങ്കിലും എറണാകുളം ഉദയംപേരൂരിനടുത്ത് കണ്ടനാട് ആണ് അദ്ദേഹം വര്‍ഷങ്ങളായി താമസിക്കുന്നത്. വീടിനു സമീപം ഏക്കറുകളോളം തരിശായി കിടന്നിരുന്ന പാടശേഖരത്തില്‍ അദ്ദേഹം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയിരുന്ന ജൈവകൃഷി പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സമീപകാലത്ത് ഇവിടെ വിളവെടുപ്പും നടത്തിയിരുന്നു. പ്രകൃതിയോടും നാട്ടുകാരുമായും അത്രയേറെ ഇണങ്ങിയായിരുന്നു ശ്രീനിവാസന്റെ ഇവിടുത്തെ ജീവിതം.
ശ്രീനിവാസന്റെ സിനിമകളില്‍ അദ്ദേഹം എഴുതിയ സംഭാഷണങ്ങള്‍ പഴഞ്ചൊല്ലുകള്‍ പോലെയാണ് മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. നിത്യ ജീവിതത്തില്‍ നിന്ന് അദ്ദേഹം കണ്ടെടുത്ത സാധാരണക്കാരായ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. മലയാളി നേരിടുന്ന അരക്ഷിതാവസ്ഥയും പ്രതിസന്ധികളും ഒക്കെ ആവര്‍ത്തന വിരസതയില്ലാതെ ഓരോ സിനിമകളിലും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നസെന്റ്, നെടുമുടി വേണു, മാമുക്കോയ, കെപിഎസി ലളിത എന്നിവര്‍ക്കു പിന്നാലെ കാലാതീതമായ ഒരുപാട് സിനിമകളും ഓര്‍മ്മകളും ബാക്കിവെച്ചാണ് ശ്രീനിവാസന്‍ എന്ന ഇതിഹാസ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മടങ്ങുന്നത്.












Click it and Unblock the Notifications