തദ്ദേശ തിരഞ്ഞെടുപ്പിലും ചര്‍ച്ചയായ ആക്ഷേപഹാസ്യങ്ങള്‍; പോളണ്ട് മുതല്‍ പ്രതിക്രിയാവാദം വരെ
മലയാള സിനിമയെ ആകെ ഞെട്ടിച്ചും സങ്കടത്തിലാഴ്ത്തിയുമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണവാര്‍ത്ത കേട്ടത്. ഏറെ നാളായി ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. അടുത്തകാലം വരെ അഭിമുഖങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. തന്റെ സംഭാഷണങ്ങളിലെ നര്‍മ്മഭാവം അദ്ദേഹം അവസാനം വരെ കാത്തുസൂക്ഷിച്ചിരുന്നു.
കേരളത്തില്‍ ഏറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് ശ്രീനിവാസന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയിലെ സംഭാഷണങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയത്. പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍ സിപിഎം നേതാക്കളുടെ മറുപടിയാണ് ശ്രീനിവാസന്‍ എഴുതിയ സംഭാഷണങ്ങളും ചേര്‍ത്ത് ട്രോളുകളായി ജനങ്ങളെ ചിരിപ്പിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പുകളിലും ചര്‍ച്ചയാകുന്ന കാലാതീതമായ നര്‍മ്മ സംഭാഷണങ്ങളായിരുന്നു ശ്രീനിവാസന്റെ തൂലികയില്‍ നിന്നും പിറവിയെടുത്തത്. തിരക്കഥ നിര്‍വഹിച്ച തന്റെ സിനിമകളിലൂടെ സമാനതകള്‍ ഇല്ലാത്ത രാഷ്ട്രീയ നിരീക്ഷണമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ശ്രീനിവാസന്റെ രാഷ്ട്രീയ ആക്ഷേപ ഹാസ്യം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സിനിമ സന്ദേശമായിരുന്നു. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ വരവേല്‍പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളും രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച സിനിമകളാണ്.
പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കില്‍ പോലും വിമര്‍ശനങ്ങള്‍ കൃത്യമായി കുറിക്ക് കൊള്ളുന്ന വിധമായിരുന്നു ശ്രീനിവാസന്റെ സംഭാഷണങ്ങള്‍. പാര്‍ട്ടിയെ അന്ധമായി അനുകരിക്കുന്ന അനുയായികളെ കുറിച്ചുള്ളതായിരുന്നു സന്ദേശം എന്ന സിനിമ. ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങള്‍ രണ്ട് വ്യത്യസ്ത പാര്‍ട്ടികളില്‍ അംഗമാകുന്നതും ആശയങ്ങള്‍ പറഞ്ഞ് പരസ്പരം പോരടിക്കുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം. മലയാളി പലപ്പോഴും ഊറ്റം കൊള്ളുന്ന രാഷ്ട്രീയ ബോധത്തിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്ന് വിലയിരുത്തുന്ന സിനിമയിലെ രംഗങ്ങള്‍ കാലാതീതമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പലപ്പോഴും സാധാരക്കാരായ അണികള്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന രാഷ്ട്രീയ നേതാക്കളെയും ശ്രീനിവാസന്‍ തന്റെ തൂലികയുടെ കണക്കെറ്റ് പരിഹസിച്ചു. വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍... എന്ന് തുടങ്ങുന്ന സംഭാഷണങ്ങള്‍ ഇപ്പോഴും ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ എതിരാളികള്‍ ഉപയോഗിക്കാറുണ്ട്.
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ഡയലോഗ് ആണ് ഏറ്റവും അധികം ശ്രദ്ധ നേടിയിട്ടുള്ളത്. സ്വന്തം അനുയായികളുടെ പട്ടിണി കാണാതിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെയാണ് ഈ ഡയലോഗിലൂടെ ശ്രീനിവാസന്‍ പരിഹസിച്ചത്.
ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധമായ ബന്ധം സാധാരണക്കാരെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നുള്ളതായിരുന്നു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ പ്രമേയം. ഒരേ സമയം വലിയ വിപ്ലവം പറയുകയും അതേസമയം പ്രായോഗിക ജീവിതത്തില്‍ അത് നടപ്പാക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്ന അറബിക്കഥയിലെ ക്യൂബ മുകുന്ദന്‍ എന്ന കഥാപാത്രം മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. നാട്ടില്‍ രാഷ്ട്രീയവുമായി നടന്ന ശേഷം പ്രവാസ ലോകത്ത് എത്തി നിലപാടുകളും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വിഷമിക്കുന്ന പ്രവാസികളുടെ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു അറബി കഥ.
ഇന്ന് രാവിലെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് 69 കാരനായ ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. രാഷ്ട്രീയ സിനിമകള്‍ക്കൊപ്പം തന്നെ സാധാരണക്കാര്‍ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ വരച്ചു കാട്ടാനും ശ്രീനിയുടെ തിരക്കഥകള്‍ക്ക് കഴിഞ്ഞു. തൊഴിലില്ലായ്മയെയും ജീവിതത്തിന്റെ അരക്ഷിതാവസ്ഥയുമൊക്കെ നര്‍മ്മത്തിലൂടെയാണ് അദ്ദേഹം മലയാളിക്ക് മുന്നില്‍ തുറന്നുകാട്ടിയത്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ വരും. ദാസനും വിജയനും ഒക്കെ ഇന്നും മലയാളിയുടെ ദൈനംദിന ജീവിതത്തിലെ കഥാപാത്രങ്ങളാണ്.












Click it and Unblock the Notifications