3 പേരെ കൊല്ലാൻ ശ്രീമഹേഷ് പദ്ധതിയിട്ടു; മകളെ വെട്ടിയത് സർപ്രൈസ് നൽകാമെന്ന് പറഞ്ഞ്
ആലപ്പുഴ; മാവേലിക്കരയിൽ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. മകൾ നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് മഹേഷ് ലക്ഷ്യം വെച്ചത്. കൊല നടത്താനായി മാവേലിക്കരയിൽ വെച്ച് ഇയാൾ പ്രത്യേകം മഴു ഉണ്ടാക്കിയെന്നും പോലീസ് പറഞ്ഞു.
എന്നാൽ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് ശ്രീമഹേഷ് പോലീസിന് നൽകിയ മൊഴി. ഭാര്യ മരിച്ചതോടെ പുനഃർവിവാഹത്തിന് ശ്രീമഹേഷ് ശ്രമിച്ചെങ്കിലും ഇത് നടന്നിരുന്നില്ല. അതിനാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നതിനാൽ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. താൻ മരിച്ചാൽ മകൾ അനാഥയാകാതിരിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന നക്ഷത്രയ്ക്ക് ടാബിൽ ഗെയിം കളിക്കാൻ കൊടുത്ത ശേഷമായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. തിരിഞ്ഞിരുന്നാൽ സർപ്രൈസ് നൽകാം എന്ന് മകളോട് പറഞ്ഞു. കുട്ടി തിരിഞ്ഞിരുന്നതോടെ മഴു ഉയോഗിച്ച് കഴുത്തിന് ആഞ്ഞുവെട്ടുകയായിരുന്നുവെന്നും ശ്രീമഹേഷ് പോലീസിനോട് പറഞ്ഞു. എന്നാൽ ഇയാളുടെ മൊഴി പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
അതിനിടെ ഇയാൾ കൊലയ്ക്ക് ഉപയോഗിച്ച മഴു പുന്നമൂട്ടിൽ തന്നെയുള്ള ഒരാളാണ് നിർമ്മിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇയാൾ മഴു വാങ്ങിയത്. അതേസമയം ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നു ചികിത്സയിൽ കഴിയുന്ന ശ്രീമഹേഷിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ കൈയ്യിലേയും കഴുത്തിലേയും മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലാണ് ശ്രീമഹേഷ് ഉള്ളത്.
വ്യാഴാഴ്ചയായിരുന്നു ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റിയിരുന്നു. പ്രതിയെ സെല്ലിലേക്ക് മാറ്റുന്നതിനായി അധികൃതർ രേഖകൾ പരിശോധിക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ചാണ് ശ്രീമഹേഷ് കഴുത്തിലേയും കൈയ്യിലേയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ബുധനാഴ്ചയായിരുന്നു മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന ആറ് വയസുകാരി മകളെ ശ്രീമഹേഷ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നക്ഷത്ര സോഫയിൽ വെട്ടേറ്റ് കിടക്കുകയായിരുന്നു. ഇത് കണ്ട് ബഹളം വെച്ച് സുനന്ദ വീടിന് പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ ശ്രീമഹേഷ് ഇവരേയും ആക്രമിച്ചു. കൈക്ക് വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.












Click it and Unblock the Notifications