എം സ്വരാജിനെ ട്രോളി എസ്എസ് ലാല്‍; താനും അച്യുതാനന്ദനും ഒരു സീസണില്‍ 2 തവണ തോറ്റിട്ടില്ല
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്ന പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വാക് പോരാണ്. രാഷ്ട്രീയ നേതാക്കളുടെ ഏത് പോസ്റ്റിന് കീഴിലും നിലമ്പൂര്‍ ചേര്‍ത്തുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ആരോഗ്യ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ എസ്എസ് ലാല്‍.
ഫേസ്ബുക്കില്‍ എന്ത് എഴുതിയാലും നീയും തോറ്റയാളല്ലേ എന്ന് താഴെ വന്നു പറയുന്ന അവസ്ഥയാണ് എന്ന് ലാല്‍ പറയുന്നു. വിദ്യാര്‍ഥി കാലം മുതലേ ഇക്കാര്യം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അച്യുതാനന്ദനും തോറ്റിട്ടുണ്ടെന്ന് പറഞ്ഞ എസ്എസ് ലാല്‍ പക്ഷേ, താനും അച്യുതാനന്ദനും ഒരു സീസണില്‍ രണ്ട് തവണ തോറ്റിട്ടില്ലെന്നും എടുത്തു പറഞ്ഞു. തൃപ്പൂണിത്തുറയിലും നിലമ്പൂരിലും ഒരേ ടേമില്‍ തോറ്റ എം സ്വരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്ന ഘട്ടത്തില്‍ കൂടിയാണ് ലാലിന്റെ പ്രതികരണം.

എസ്എസ് ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം..
'ഈ സി.പി.എം കാരുടെ കാര്യം.
നിലമ്പൂര്‍ ജയത്തിന് ശേഷം ഫേസ്ബുക്കില്‍ ഞാനെന്ത് എഴുതിയാലും അതിന് താഴെ വന്ന് 'നീയും തോറ്റയാളല്ലേ' എന്നാണ് സി.പി.എം സൈബര്‍ പടയാളികള്‍ ചോദിക്കുന്നത്. അരിശം മൂത്ത് ചിലര്‍ എന്നെ തോറ്റ ആരോഗ്യമന്ത്രിയെന്നും വിളിക്കുന്നു. ഈ കടന്നലാക്രമണം എനിക്ക് പുതിയതല്ല. നാല്‍പത് കൊല്ലം മുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ അനുഭവിച്ചു തുടങ്ങിയതാണ്. അവിടെ എന്നോട് പരാജയപ്പെട്ട പഴയ എസ്.എഫ്.ഐ ജില്ലാ നേതാവിനോടോ അക്കാലത്തെ സംസ്ഥാന സെക്രട്ടറിയോടോ ചോദിച്ചുനോക്കാം.
ഒരു കാര്യം കൂടി. ഈ കടന്നലുകള്‍ക്ക് ഇപ്പോള്‍ വേണ്ടാത്ത സഖാവ് അച്യുതാനന്ദനെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ കൂട്ടിന് വിളിക്കുകയാണ്. അദ്ദേഹം തോറ്റ മുഖ്യമന്ത്രിയാണ്. ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നവര്‍ക്ക് അത് ഓര്‍മ്മ കാണില്ല. ഒരു കാര്യം കൂടി. ഞാന്‍ ഇലക്ഷന് തോറ്റിട്ടുണ്ട്. അച്യുതാനന്ദനും തോറ്റിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ രണ്ടു പേരും ഒരു സീസണില്‍ രണ്ട് പ്രാവശ്യം തോറ്റിട്ടില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തോല്‍വി മാത്രം. അക്കാര്യത്തില്‍ ഞാന്‍ അച്യുതാനന്ദന് ഒപ്പമാണ്'.
അതേസമയം, തോറ്റാല്‍ അക്കാര്യം സമ്മതിക്കണമെന്നും കൂടുതല്‍ ഡക്കറേഷന്‍ വേണ്ടെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചത്. അവരുടെ വാക്കുകള്‍ ഇങ്ങനെ...
ഹിന്ദു മഹാസഭയുടെയും പിഡിപിയുടെയും വോട്ട് വാങ്ങി.
എന്നിട്ടും എട്ട് നിലയില്‍ പൊട്ടി.
എന്നിട്ട് ജയിച്ചവനെ നോക്കി വര്‍ഗീയത ആരോപിക്കുന്നു. കഷ്ടം
ജന്മ നാട്ടില്‍ തോറ്റതിനുള്ള ന്യായീകരണമാണ് ബെസ്റ്റ്.
രാഹുല്‍ ഗാന്ധിയും ജന്മനാട്ടില്‍ തോറ്റിട്ടുണ്ടല്ലോ എന്ന്.
രാഹുല്‍ ഗാന്ധിയുടെ ജന്മനാട് അമേത്തിയല്ല. ഡല്‍ഹിയാണ്.
തോറ്റാല്‍ തോറ്റു എന്ന് പറയുക. അതിനപ്പുറമുള്ള ഡെക്കറേഷന്‍ വേണ്ട.
പൊതുജനം കഴുതയല്ല. വോട്ടര്‍മാരുടെ ബുദ്ധിയെ കുറച്ചു കാണരുത്.
പരന്ന വായനയും ബുദ്ധി ജീവി നാട്ട്യങ്ങളും ഉണ്ടായിക്കൊള്ളണമെന്നില്ല. ചിന്തിച്ചു കൊണ്ട് തന്നെയാണ് അവര്‍ വോട്ട് ചെയ്തത്.
തോറ്റാല്‍ വോട്ടര്‍മാരുടെ മെക്കിട്ട് കേറുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തി കൂടെ.
ഹിന്ദു മഹാസഭയുടെ സഖ്യകക്ഷികള്‍ക്ക് ആ മിനിമം മര്യാദ പാടില്ലെന്നാണോ?.












Click it and Unblock the Notifications