ഇനി പരീക്ഷാച്ചൂട്: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 26-ന് സമാപിക്കും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകീട്ട് 4.15 വരെയാണ്. 26-ന് അവസാനിക്കും.
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷാ ദിവസങ്ങളില്‍ ചോദ്യപേപ്പറുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം ഇതിനകം അവസാനിച്ചു.

ആദ്യ ദിനമായ മൂന്നിന് ഒന്നാം ഭാഷ, അഞ്ചിന് ഇംഗ്ലീഷ്, ഏഴിന് ഒന്നാം ഭാഷ പാര്‍ട്ട് - 2, 10 ന് സോഷ്യല്‍ സയന്‍സ്, 17 ന് ഗണിതശാസ്ത്രം, 19 ന് ഹിന്ദി/ജനറല്‍ നോളജ്, 21 ന് ഊര്‍ജതന്ത്രം, 24 ന് രസതന്ത്രം, 26 ന് ജീവശാസ്ത്രം എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍.
ഇക്കുറി സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനമൊട്ടാകെ 2964 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളില്‍ നിന്ന് 682 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ നിന്ന് 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 11 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകള്‍ അവസാനിച്ച് ഉടന്‍ തന്നെ മൂല്യനിര്‍ണയവും ആരംഭിക്കും. ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 26 വരെയാണ് മൂല്യനിര്‍ണയം നടക്കുക. 72 ക്യാമ്പുകളിലായി 9,000 അധ്യാപകരാണ് മൂല്യനിര്‍ണയം നടത്തുക. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications