കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വന്‍ ദുരന്തം; 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊച്ചി: കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അമ്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദുരന്തമുണ്ടായത്. രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ക്യാമ്പസാണിത്.
മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടമുണ്ടായത്. അതേസമയം മരിച്ചവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.

ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തതോടെയാണ് ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ ഓടിക്കയറിയത്. ഇവര്‍ തിക്കി തിരക്കി കയറിയതോടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു.
മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെയാണ് മരണമടഞ്ഞത്. ടെക് ഫെസ്റ്റായിരുന്നു ഇന്നായിരുന്നു സമാപിക്കേണ്ടിയിരുന്നത്. അവസാന ദിവസം നൃത്തം ചെയ്ത് വിദ്യാര്‍ത്ഥികള്‍ അടക്കം പരിപാടി ആഘോഷമാക്കിയിരുന്നു. ഇതിനിടയിലാണ് ദുരന്തമെത്തിയത്. അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.












Click it and Unblock the Notifications