കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തില്‍, കെ റെയില്‍ അനിവാര്യമെന്ന് യെച്ചൂരി
കണ്ണൂര്‍: കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു. ബുള്ളറ്റ് ട്രെയിനിനെതിരെ സി പി ഐ എം മഹാരാഷ്ട്രയില്‍ സമരം നടത്തുന്നത് മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണം എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബി ജെ പിയുടെ പ്രധാന അജണ്ട എന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബി ജെ പി തേടുകയാണെന്നും യെച്ചൂരി ആരോപിച്ചു. സി പി ഐ എമ്മിന്റെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തും എന്നും വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിന്റെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കുമെന്നും സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

രാജ്യത്ത് സി പി ഐ എമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അംഗനവാടി ജീവനക്കാരും കര്‍ഷകരുമെല്ലാം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നുണ്ട് എന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാം വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി ഹൈജാക്ക് ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങള്‍ ഉന്നയിച്ച് അവരെ അണിനിരത്തി പ്രതിഷേധങ്ങള്‍ നടത്തിയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നും ഇതിലൂടെയാണ് തങ്ങള്‍ സി പി ഐ എമ്മിനെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഭാഷാ സ്വാധീന മേഖലയില്‍ സി പി ഐ എമ്മിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഹിന്ദുത്വ വര്‍ഗീയ അജണ്ടയെ പ്രതിരോധിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിയെടുക്കേണ്ടെതുണ്ടെന്നും യെച്ചൂരി വിശദീകരിച്ചു. അസമില്‍ വര്‍ഗീയത ശക്തിപ്പെട്ട് വരികയാണെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. അതിന് ഭാവിയില്‍ വളരെയേറെ പ്രത്യാഘാതം ഉണ്ടാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇതിനെ കൃത്യമായി പ്രതിരോധിക്കേണ്ടതുണ്ട് എന്നും യെച്ചൂരി പറഞ്ഞു. കര്‍ഷക നയങ്ങള്‍ക്കെതിരായ പ്രതിഷേധം കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് നടത്തിയത്.

അതിന് മുന്‍പ് ഇത്തരത്തില്‍ സംഘടിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് ശക്തിയേകിയത് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങളാണെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ജനജീവിതത്തെ ബാധിക്കുന്ന തൊഴിലില്ലായ്മയും, ദാരിദ്ര്യവുമല്ല ബി ജെ പിയ്ക്ക് പ്രശ്‌നമെന്നും മറിച്ച് മാംസവും ഹിജാബുമാണ് അവര്‍ ഉയര്‍ത്തുന്നതെന്നും ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications