ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാൻ മന്ത്രിസഭാ തീരുമാനം, ബസ് ചാർജ് മിനിമം 10 രൂപ, ഓട്ടോ നിരക്ക് 30 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിക്കും. നിരക്ക് ഉയര്‍ത്താനുളള തീരുമാനത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ബസ്സുകളുടെ മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി ഉയരും. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ നിരക്ക് മിനിമം 30 രൂപയായും ടാക്‌സി നിരക്ക് മിനിമം 200 രൂപയായും ഇതോടെ ഉയരും. നിലവില്‍ 25 രൂപയാണ് മിനിമം ഓട്ടോ ചാര്‍ജ്. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 15 രൂപ നല്‍കണം. 1500 സിസിക്ക് മുകളിലുളള ടാക്‌സികള്‍ക്ക് 5 കിലോമീറ്റര്‍ വരെ 225 രൂപയാണ് നിരക്ക്.
നിരക്ക് വര്‍ധനവ് സംബന്ധിച്ചുളള സര്‍ക്കാര്‍ വിജ്ഞാപനം ഉടനെ തന്നെ പുറത്തിറങ്ങും. മെയ് 1 മുതല്‍ സംസ്ഥാനത്ത് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നേക്കും. വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേ സമയം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും അതിന് ശേഷമായിരിക്കും തീരുമാനമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് സംബന്ധിച്ചുളള ബസ് ഉടമകളുടെ ആവശ്യത്തെ സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ലെന്നും പോസിറ്റീവായിട്ട് തന്നെയാണ് പരിഗണിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരും ബസ് ചാര്‍ജുകള്‍ ഉയര്‍ത്തുന്നത് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു.












Click it and Unblock the Notifications