കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടും, ഡോക്ടര്‍മാർക്ക് ശമ്പള വര്‍ധന, നിർണായക മന്ത്രിസഭാ തീരുമാനങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടാന്‍ അടക്കമുളള നിര്‍ണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭാ യോഗം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് ശമ്പള പരിഷ്‌ക്കരണം.

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇവയാണ്: കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ് പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാര്‍ട് സംവിധാനം ഒരുക്കുക, വകുപ്പിന്‍റെ കീഴിലുള്ള ഓഫീസ് ഫയലുകള്‍ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.

cm

ഗുണമേന്‍മയുള്ള വിത്തുകള്‍ ഉറപ്പാക്കുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍, റഗുലേഷന്‍ സംവിധാനം, കീടനാശിനി നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കല്‍, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കുന്നതിനും ഗുണമേന്‍മ പരിശോധിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓണ്‍ലൈന്‍ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണം മന്ത്രിസഭായോഗം അംഗീകരിച്ചു. 01.01.2016 മുതല്‍ പ്രാബല്യത്തിലാണ് ശമ്പളം പരിഷ്ക്കരിച്ചിട്ടുള്ളത്. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്‍റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു. 01.01.2006 നാണ് കഴിഞ്ഞ തവണ ശമ്പളം പരിഷ്ക്കരിച്ചത്. 10 വര്‍ഷം കഴിയുമ്പോള്‍ ശമ്പള പരിഷ്ക്കരണം അനുവദിക്കണമെന്നതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തില്‍ ശമ്പളം പരിഷ്കരിച്ച് അംഗീകാരം നല്‍കിയത്.

സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്‍റ് വിച്ച് ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

sec

2018 മണ്‍സൂണിനുശേഷം സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. യാനങ്ങല്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിന് അനുവദിച്ചു.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

2003 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആര്‍. സേതുനാഥന്‍ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിഖില്‍ എന്ന 7 വയസ്സുകാരന്‍ മരണപ്പെട്ടതില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

കോട്ടയം ജില്ലാ കളക്ടര്‍ ആയി വിരമിച്ച പി.കെ. സുധീര്‍ബാബുവിനെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതര്‍ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചു.

cm

കേരള സര്‍ക്കാരിന്‍റെ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച കരട് ചട്ടങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് എ.കെ. ബാലന്‍ ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ അംഗങ്ങളാണ്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1 ന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ബസുകളുടെ 2020 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റലൂം ടെക്നോളജിയിലെ ജീവനക്കാരുടെ നിലവിലുള്ള അലവന്‍സുകള്‍ അനുവദിച്ചും പരിഷ്ക്കരിച്ചും നല്‍കാന്‍ തീരുമാനിച്ചു. അവധികഴിഞ്ഞ് തിരികെ പ്രവേശിച്ച ജാഫര്‍ മാലികിനെ റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്മാര്‍ട്ട് സിറ്റി കൊച്ചി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല കൂടി വഹിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകള്‍ക്കു പുറമേ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍റ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. കോവിഡ്കാല ധനസഹായമായി സ്കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.

English summary
State Cabinet decides to increase security for Kerala Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X