ഒരു കോടി കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ സർക്കാർ, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാനുളള നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചു. വാക്‌സിന്‍ വാങ്ങാനുളള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും ആണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുക.
Recommended Video

മെയ് മാസത്തില്‍ തന്നെ വാക്‌സിന്‍ വാങ്ങുന്നതിനുളള നടപടികള്‍ കേരളം ആരംഭിക്കും. അടിയന്തരമായി പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ ആണ് അടുത്ത മാസത്തോടെ വില കൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ വാങ്ങുന്നതിന് 1300 കോടി രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.

കൊവിഡ് പ്രതിരോധത്തിന് പ്രാദേശിക തലത്തില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണാകാം എന്നാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട വാക്‌സിന്‍ പൂര്‍ണമായും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വന്തമായി വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വാക്‌സിന്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം കാത്ത് നില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുമെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് പകരം വില കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥ സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തില്‍ ആളുകള്‍ വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ വാക്‌സിന്‍ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. ഇത്തരത്തില്‍ ലഭിച്ച പണവും സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നതിലേക്ക് ഉപയോഗിക്കും.
18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു കൂടി വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.












Click it and Unblock the Notifications