ഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കേണ്ട ഇളവുകളെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാവും. രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണം വിധേയമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രം അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നീക്കം.
തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍ പ്രഖ്യാപിക്കുക. കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കാനും ആലോചിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി തീരുമാനം വന്നതിന് ശേഷമാവും കേരളം അന്തിമ നിലപാട് സ്വീകരിക്കുക.

ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശം കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കിയേക്കും. മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അര്‍ധരാത്രിയാണ് അവസാനിക്കുന്നത്. ലോക്ക് ഡൗണ്‍ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വ്യവസായ മേഖലകള്‍ ഭാഗികമായി തുറക്കും എന്നാണ് സൂചന. എന്നാല്‍ തീവണ്ടി, വിമാന സര്‍വ്വീസുകള്‍ അനുവദിച്ചേക്കില്ല.
അതേസമയം, 2 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
Recommended Video
ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.












Click it and Unblock the Notifications