5 വർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 692 പേർ: സർക്കാർ പൂർണ്ണ പരാജയമെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ വന്യമൃഗ ആക്രമണം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 692 പേർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തിൽ മാത്രം 115 പേർ കൊല്ലപ്പെട്ടു. ഇത്തരം മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വനംവകുപ്പ് സ്ഥാപിച്ച സോളാർ വേലികൾ എല്ലാം തകർന്ന് കിടക്കുകയാണ്. വലിയ അഴിമതിയാണ് ഇത്തരം പ്രവൃത്തികളിലെല്ലാം നടക്കുന്നത്. കോതമംഗലത്ത് എൽദോസ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരാണ്. വനം വകുപ്പ് നൽകിയിരുന്ന ഉറപ്പുകളെല്ലാം പഴായിരിക്കുകയാണ്. സംസ്ഥാനത്ത് മനുഷ്യ - മൃഗ സംഘർഷം തുടർക്കഥയാവുകയാണ്.

ആവശ്യത്തിന് വേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പോലും വിന്യസിക്കുവാൻ വനം വകുപ്പ് തയ്യാറാവുന്നില്ല. വന്യജീവികളെ ഭയന്നാണ് വയനാട്ടിലും മറ്റ് മലയോര മേഖലയിലും ജനങ്ങൾ കഴിയുന്നത്. മലയോര നിവാസികളുടെ ജീവനും സ്വത്തിനും കൃഷിക്കും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം. കൃഷി ചെയ്തതെല്ലാം ഒറ്റ രാത്രികൊണ്ട് വന്യജീവികൾ നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെല്ലാം ശാശ്വതമായ പരിഹാരമാണ് സർക്കാർ ഉറപ്പു വരുത്തേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഹിന്ദു ദൈവങ്ങളെ പരസ്യമായി അവഹേളിച്ച് സംസാരിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ കാര്യത്തിൽ യു ഡി എഫും എൽ ഡി എഫും പുലർത്തുന്ന മൗനം ഇരട്ടത്താപ്പാണ്. ഉത്തരേന്ത്യയിൽ എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ പ്രതിഷേധിക്കുന്ന രണ്ട് മുന്നണികളും ഹൈന്ദവ അവഹേളനം കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും കപട മതേതര നിലപാട് ഒരിക്കൽ കൂടി വ്യക്തമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.
മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്നും സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. മലബാറിൽ 1,000 യൂണിറ്റുകളുള്ള വ്യായാമ കൂട്ടായ്മ നിയന്ത്രിക്കുന്നത് നിരോധിത ഭീകര സംഘടനയാണെന്ന് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്.
എന്നാൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയായിരുന്നു. മെക്ക് 7 നെ കുറിച്ച് പൊലീസും എടിഎസും അന്വേഷണം നടത്തണം. ഇത്രയും ആരോപണം ഉയർന്നിട്ടും സംസ്ഥാന ഇൻ്റലിജൻസിൻ്റെ പക്കൽ ഈ കൂട്ടായ്മയുടെ വിവരങ്ങൾ ഇല്ലാത്തത് സംശയാസ്പദമാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് മെക്ക് 7 ന് ഇത്രയും വളർച്ചയുണ്ടായതെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിൻ്റെ സ്ഥാപക നേതാക്കളെ കുറിച്ചും അവരുടെ ഭൂതകാലത്തെ കുറിച്ചും പൊലീസ് അന്വേഷിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications