
ദേവസ്വം ബോർഡിന് 100 കോടി ഗ്രാൻഡ് ലഭിക്കില്ല; ആവശ്യം സർക്കാർ തള്ളി; സാമ്പത്തിക പ്രതിസന്ധിയെന്ന് വിവരം
തിരുവനന്തപുരം: നൂറുകോടി രൂപ ഗ്രാൻഡ് വേണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക നൽകണമെന്ന ദേവസ്വംബോർഡിൻ്റെ ആവശ്യമാണ് സർക്കാർ തള്ളിയത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നതാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ മണ്ഡല മകരവിളക്ക് ഉത്സവം മുന്നിൽ കണ്ടാണ് ബോർഡ് സർക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സന്നിധാനത്ത് ഭക്തരുടെ തിരക്ക് വർദ്ധിച്ചു. വിരി വെയ്ക്കാനുള്ള സൗകര്യങ്ങൾ അടക്കം കൂടുതൽ ഇളവുകൾ പമ്പയിലും സന്നിധാനത്തും ഉൾപ്പെടെ ഭക്തർക്കായി നൽകിത്തുടങ്ങി.
വി.സി.നിയമനം: ആർ ബിന്ദു രാജിവെക്കണം: കടുപ്പിച്ച് ചെന്നിത്തല; പ്രതിപക്ഷം പോർമുഖത്തേക്ക്...

കൊവിഡ് രോഗവ്യാപന ഭീതി കാര്യമായി ഉടലെടുത്തതോടെ കഴിഞ്ഞ തീർഥാടനകാലത്ത് ബോർഡിന് ശബരിമലയിലെ നടവരുമാനത്തിൽ വലിയ വർധന ഉണ്ടായിരുന്നില്ല. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് ഇക്കുറി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരടക്കം കൂടുതലായി ശബരിമലയിലേക്ക് എത്തുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ പുറപ്പെടുവിച്ച ബജറ്റിൽ ശബരിമലയ്ക്കായി 100 കോടി രൂപ നൽകണമെന്ന് ദേവസ്വംബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഇത്രയും അധികം തുക നൽകുന്നത് പര്യാപ്തമല്ലെന്നാണ് ബോർഡിനെ സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതോടെ ബോർഡിന് 100 കോടി രൂപയുടെ ഗ്രാൻഡ് ലഭിക്കില്ലെന്ന് ഉറപ്പായി. ശബരിമല ഉത്സവം മുന്നിൽകണ്ടുള്ള ക്രമീകരണങ്ങൾക്കായിട്ടാണ് ബോർഡ് സർക്കാറിനോട് പണം ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, തീർത്ഥാടനത്തിൻ്റെ ഭാഗമായി സന്നിധാനത്ത് രാത്രി തങ്ങുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി. വിരി വയ്ക്കാൻ കൂടുതൽ സ്ഥലങ്ങൾ നൽകാൻ ദേവസ്വം പൊലീസ് അധികൃതർ തീരുമാനിച്ചു. സന്നിധാനത്ത് അപ്പം അരവണ പ്രസാദ വിതരണത്തിനുള്ള സമയവും കൂട്ടി. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്.
രാത്രി സന്നിധാനത്തെത്തുന്ന മുഴുവൻ അയ്യപ്പ ഭക്തർക്കും തീരുമാനം വളരെ ഉപകാരപ്രദമാകും. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൻ്റെ ഭാഗമായി സന്നിധാനത്ത് വിരിവെക്കാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകുന്നതോടെ അധികമായി എത്തുന്ന ഭക്തർക്കും നല്ല രീതിയിൽ ദർശനം നടത്തി മടങ്ങാനാകും.

അതിനിടെ, സന്നിധാനത്ത് അപ്പം, അരവണ പ്രസാദ വിതരണത്തിനുള്ള കൗണ്ടറുകളുടെ സമയം വർധിപ്പിച്ചു. രാവിലെ 4 മുതൽ രാത്രി പതിനൊന്നര വരെ ഇനി കൗണ്ടറുകൾ പ്രവർത്തിക്കും. അപ്പം അരവണ പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ദിനംപ്രതി ഒന്നരലക്ഷം ടിന് അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. വരും ദിവസങ്ങളില്‍ ഉത്പാദനം വർധിപ്പിക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ശബരിമലയിലെ നടവരവ് 43 കോടി രൂപ കഴിഞ്ഞു. അരവണയുടെ വിറ്റ് വരവ് 16കോടിയും കാണിക്ക ഇനത്തിൽ 17കോടി രൂപയുമാണ് ബോർഡിന് ലഭിച്ചത്.
12 മണിക്കൂർ വരെ ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി നൽകിയതോടെ നടപ്പന്തലിന് സമീപത്തെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലെ രണ്ട് മുറികൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാനും അവസരം നൽകി തുടങ്ങി. പത്തനംതിട്ട റസ്റ്റ് ഹൗസിൽ പുതുതായി പണികഴിപ്പിച്ച എട്ട് മുറികളിലും ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. ഈ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേല്പ് നൽകും.
തുടർന്ന്, വൈകിട്ട് 3 വരെ പമ്പ ഗണപതി കോവിലിൽ ദർശനം. പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സന്നിധാനത്ത് മണ്ഡലപൂജ നടക്കും.
റെഡ് ലേഡി' അല്ല.. ഇത് നമ്മുടെ സ്വന്തം ലെന.. പുതിയ ലുക്ക് വൈറൽ