ട്രിപ്പിൾ എ, ട്രിപ്പിൾ ബി, ട്രിപ്പിൾ സി; ഹോട്ടലുകളെ തരംതിരിക്കും..പുതിയ നിയമം പരിഗണനയിൽ
കൊച്ചി: ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ പുതിയ നിയമം വരുന്നു. ട്രിപ്പിൾ എ, ട്രിപ്പിൾ ബി, ട്രിപ്പിൾ സി എന്നിങ്ങനെയുളള മൂന്ന് വിഭാഗങ്ങൾ ആയിട്ടാണ് ഹോട്ടലുകളെ തരംതിരിക്കുന്നത്. അടുക്കള മുതൽ ഹോട്ടൽ ജീവനക്കാരുടെ പെരുമാറ്റം വരെ നിരവധി മാനദണ്ഡങ്ങൾ വിലയിരുത്തിയായിരിക്കും തരംതിരിക്കൽ.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നിയമ നിർമാണം.

സാധനങ്ങളുടെ ഗുണനിലവാരം, ജീവനക്കാരുടെ പെരുമാറ്റം, എണ്ണ, തുറന്ന അടുക്കളയാണോ അല്ലയോ, ഹോട്ടലിലെ സൗകര്യങ്ങളും അന്തരീക്ഷവും തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആയിരിക്കും ഹോട്ടലുകളുടെ തരംതിരിക്കൽ. കൂടാതെ ഉപഭോക്താക്കളുടെ പ്രതികരണവും ഗ്രേഡിങ്ങ് തീരുമാനിക്കുന്നതിൽ ഒരു ഘടകമാകും.
ഉപഭോക്താക്കൾക്കും, ഹോട്ടലുകൾക്കും ഗ്രേഡിങ് ഒരു പോലെ പ്രയോജനം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. നിലവിൽ ബിൽ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയിലെ വിജിലൻസ് പ്രത്യേക അഭിഭാഷകൻ എ രാജേഷ്, ഉപഭോക്തൃകാര്യകമ്മിഷ്ണർ ഡോ സജിത് ബാബു, എറണാകുളം കൺസ്യൂമർ കോടതി പ്രസിഡന്റ് ഡി ബി ബിനു, അഡ്വ രാജേന്ദ്രൻ നായർ, തൃശൂർ ഉപഭോക്തൃകോടതി അംഗം റാംമോഹൻ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തി.
അതേസമയം, പാചകത്തിന് ഒരിക്കൽ ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ പരിശോധനയും നടപടികളും കർശനം ആക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തട്ടുകടകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ മിന്നൽപരിശോധന നടത്താൻ തീരുമാനിച്ചു. ദിവസം 20 ലിറ്റർ എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, പാചക ശേഷമുള്ള എണ്ണ ബയോ ഡീസൽ കമ്പനികൾക്കു നൽകണം എന്ന വ്യവസ്ഥ നടപ്പാക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കും. ദിവസം 50 ലിറ്റർ എണ്ണ പാചകത്തിന് ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ശേഷിക്കുന്ന എണ്ണ ബയോ ഡീസൽ കമ്പനിക്കു കൈമാറണം എന്നാണു കേന്ദ്രത്തിന്റെ വ്യവസ്ഥ. കേരളത്തിന്റെ സാഹചര്യം പരിഗണിച്ചാണ് 20 ലിറ്റർ പരിധി നിർണയിച്ചത്. ഇതു നിർബന്ധമായി നടപ്പാക്കും.
ഒരിക്കൽ തിളപ്പിക്കുന്ന എണ്ണ പരമാവധി ഉപയോഗിച്ചാലും 10 മുതൽ 20 വരെ ശതമാനം മിച്ചം വരും എന്നാണു കണക്കാക്കുന്നത്.ഇപ്പോൾ ദിവസം 20 ലോഡ് എണ്ണ (ശരാശരി 12,000 ലീറ്റർ) ബയോ ഡീസൽ കമ്പനികൾക്കു നൽകുന്നുണ്ട്. ഉപയോഗിച്ച ഒരു ലിറ്റർ എണ്ണയ്ക്കു 40 രൂപ വരെയാണ് കമ്പനികൾ നൽകുന്നത്, ഭക്ഷണ നിർമാണ സ്ഥാപനങ്ങൾ ഉപയോഗ ശേഷമുള്ള എണ്ണ കൈമാറുന്നതിന്റെ രജിസ്റ്റർ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്തു പരിശോധനയ്ക്കു ഹാജരാക്കുകയും വേണം.












Click it and Unblock the Notifications