സോളാർ പീഡനക്കേസുകൾ സിബിഐക്ക്, സർക്കാരിന്റെ നിർണായക നീക്കം, ഉമ്മൻചാണ്ടി അടക്കം ആരോപിതർ
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സിബിഐ അന്വേഷണത്തിന് വിടുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുളളവര്‍ക്കെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്കിയ ലൈംഗിക പീഡന പരാതികളാണ് സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. 6 കേസുകള്‍ ആണ് സിബിഐ അന്വേഷണത്തിന് വിടുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എംപി, അടൂര്‍ പ്രകാശ് എംപി, ഹൈബി ഈഡന് എംപി, എപി അനില്‍ കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പീഡന ആരോപണം. കൂടാതെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടിക്ക് എതിരെയും ലൈംഗിക പീഡന പരാതിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കേസുകള്‍ സിബിഐ അന്വേഷണത്തിന് വിടുന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കും.
സോളാര്‍ പീഡന പരാതികളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഈ മാസം 12ന് ആയിരുന്നു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കത്തിയ സോളാര്‍ കേസില്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സോളാര്‍ തട്ടിപ്പ് കേസുകളിലും അന്വേഷണം മന്ദഗതിയിലാണ്.
2018ലാണ് ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ വെച്ചും സര്‍ക്കാര്‍ ഔദ്യോഗിക വസതികളില്‍ വെച്ചും ഹോട്ടലുകളിലും നേതാക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ച് കുലുക്കിയതാണ് സോളാര്‍ കേസ്. ഇടത് പക്ഷം സോളാര്‍ ആയുധമാക്കിയാണ് ഭരണത്തിലേറിയതും. സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ഇക്കുറി ഇടത് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഇടതുപക്ഷത്തെ നേരിടാനൊരുങ്ങുമ്പോഴാണ് സോളാര്‍ കേസ് വീണ്ടും തലവേദനയാകുന്നത്.