കേരളത്തിന് 'നന്ദിനി' പാല്‍ വേണ്ടെന്ന് സര്‍ക്കാര്‍; ദേശീയ ക്ഷീരവികസന വകുപ്പിന് പരാതി നല്‍കി സംസ്ഥാനം
തിരുവനന്തപുരം: കര്‍ണാടക ബ്രാന്‍ഡായ നന്ദിനി പാലുല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ദേശീയ ക്ഷീരവികസന വകുപ്പിന് കേരളം പരാതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ക്ഷീര വികസനം, പാല്‍ സഹകരണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാനുള്ള തീരുമാനം നന്ദിനി പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

'കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളാണ്, അതിനാല്‍ മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോള്‍ ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങണം'- മന്ത്രി പറഞ്ഞു. അതേസമയം, നന്ദിനി പാല്‍ മില്‍മയേക്കാള്‍ 7 രൂപ കുറച്ച് വില്‍ക്കുന്നതിനെ കുറിച്ചും മന്ത്രി ്‌വ്യക്തമാക്കി.
ഇതിന് മുമ്പ് കേരളത്തില്‍ പാല്‍ ക്ഷാമം നേരിട്ടപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ നന്ദിനി പാല്‍ ഇവിടെ വിറ്റിരുന്നു. അന്ന് വില കുറവായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകരുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പലരും സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ മില്‍മ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ ശേഖരിക്കാനുള്ള സാധ്യതയും ചിഞ്ചുറാണി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് സഹകരണ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘടനകളുണ്ട്, അവയെല്ലാം മില്‍മയ്ക്കാണ് പാല്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത് ഏറ്റവും മികച്ച പാലാണെന്നും ഇന്ത്യയിലെ തന്നെ മികച്ച പാല്‍ മില്‍മയുടേതാണെന്നും മന്ത്രി വ്യക്തമാക്കി.
അന്യസംസ്ഥാന പാലിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. അത്തരത്തില്‍ എത്തുന്ന പാല്‍ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നന്ദിനി ചെറിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയതോടെ വില്‍പ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ.
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയിൽ രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.












Click it and Unblock the Notifications