നിസാമിന്റെ ഫോണ്‍ വിശദാംശങ്ങളെടുക്കുന്നു; ഉന്നതര്‍ കുടുങ്ങും
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറുകൊണ്ടിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെയും ഭാര്യ അമലിന്റെയും ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ചന്ദ്രബോസ് കൊലക്കേസില്‍ ഉന്നതരെ രക്ഷിക്കാനായി ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചില്ലെന്ന പരാതി ഉണ്ടായിരുന്നു.
നിസാമിന്റെ ക്രൂര പീഡനത്തിന് ഇരയായ ചന്ദ്രബോസിന്റെ മരണമൊഴിയെടുത്തില്ലെന്നു കാട്ടി മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കേസില്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും മരണമൊഴി രേഖപ്പെടുത്താതിരിക്കാന്‍ പോലീസ് മനപൂര്‍വം ശ്രമിച്ചുവെന്നും കാട്ടിയാണ് ജോര്‍ജ് പരാതി നല്‍കിയത്.

പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 27ന് മുന്‍പ് ഹാജരാക്കണമെന്നും കമ്മീഷന്‍ ഉത്തരവിലുണ്ട്. ഫോണ്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതോടെ ഉന്നതരുടെ ഇടപെടല്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
ചന്ദ്രബോസ് ആക്രമണത്തിന് ഇരയായി തൊട്ടടുത്ത മണിക്കൂറുകള്‍ക്കകം തന്നെ നിസാമിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ശ്രമം തുടങ്ങിയിരുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതോടെയാണ് നിസാമിനെതിരെ കാപ്പ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തപ്പെട്ടത്.












Click it and Unblock the Notifications